ഇടുക്കിയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നാല് മരണം
ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര സ്വദേശി ബിന്ദു നാരായണൻ, അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചത്. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്.
ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ പാല മാർസ്ലീവ ആശുപത്രിയിലേക്ക് മാറ്റി. ബിന്ദു നാരായണനെ വിദഗ്ദ ചികിത്സക്കായി പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബിന്ദു. ഇവരുടെ ഭർത്താവ് ഉണ്ണിത്താനും പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ബസിന്റെ കാലപഴക്കം, ഫിറ്റ്‌നസ് എന്നിവ പരിശോധിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അപകടം സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് എൻഫോഴ്സ്മെൻറ് വിഭാഗം ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവിന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർദേശം നൽകി.