പത്താം ക്ലാസ് തോറ്റവർക്ക് ഇനിമുതൽ കെഎസ്ഇബിയിൽ ജോലിയില്ല

0

പത്താം ക്ലാസ് പരാജയപ്പെട്ടവർക്ക് ഇനിമുതൽ കെഎസ്ഇബിയിൽ ജോലികിട്ടില്ല. അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്കരിക്കാനാണ് തീരുമാനം. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന തസ്തികകളിലിരിക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് കെഎസ്ഇബിയുടെ തീരുമാനം.

കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്പെഷ്യൽ റൂളിന് പിഎസ്‌സി മൂന്നു മാസത്തിനകം അംഗീകാരം നൽകിയേക്കും. സ്പെഷ്യൽ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവർക്ക് മാത്രമായിരിക്കും ഇവ ബാധകം.

വൈദ്യുതി മേഖലയിലെ അപകടങ്ങൾ കുറയ്ക്കാൻ സാങ്കേതികമായി അറിവുള്ളവരെ മാത്രം നിയമിക്കണമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിർദേശമുണ്ട്. ഇതും കെഎസ്ഇബി മുൻപ് നടത്തിയ പഠനങ്ങളും അടിസ്ഥാനമാക്കിയാണ് സ്പെഷ്യൽ റൂളിൽ തസ്തികകൾ പുനർനിർണയിച്ചത്. ഇനിമുതൽ പിഎസ്‌സി വഴി നിയമനം ലഭിക്കുന്നവർ ഭാവിയിൽ സ്ഥാനക്കയറ്റം നേടി ചീഫ് എൻജിനീയർ തസ്തിക വരെയെത്തുമ്പോൾ അതുവരെയുള്ള എല്ലാ തസ്തികകളുടെയും പേരും ചുമതലകളും മാറും.

ജീവനക്കാർക്ക് സേവനകാലം പരിഗണിച്ച് കുറഞ്ഞത് മൂന്ന് ഗ്രേഡ് പ്രമോഷൻ ഉറപ്പാക്കുമെങ്കിലും യോഗ്യത അനുസരിച്ച് പരമാവധി പ്രമോഷൻ ലഭിക്കാവുന്ന ഗ്രേഡും നിശ്ചയിക്കും. തസ്തികകളുടെ എണ്ണം കുറയുന്നതിനാൽ ജീവനക്കാരെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ വ്യത്യസ്ത ചുമതലകളും നൽകും.

About The Author

Leave a Reply

Your email address will not be published. Required fields are marked *