അക്കാദമിക് നിലവാരത്തിനൊപ്പം നാടിനെക്കുറിച്ചുള്ള അവബോധവും കുട്ടികളിൽ വളർത്തണം: മന്ത്രി ഒ.ആർ കേളു

0

അക്കാദമിക് നിലവാരം ഉയർത്തുന്നതിനൊപ്പം നാടിനെ സംബന്ധിച്ച അവബോധവും മറ്റുള്ളവരെക്കുറിച്ചുള്ള കരുതലും കുട്ടികൾക്കിടയിൽ വളർത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ വേണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമഗ്ര ശിക്ഷ കേരളയുടെയും ഇരിട്ടി നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ ആറ് ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെയും സ്ട്രീം ഹബിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിൽ സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാനങ്ങളും ചേർന്ന് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് ചാവശ്ശേരി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെയും സ്ട്രീം ഹബ്ബിന്റെയും ഉദ്ഘാടനമെന്നും മന്ത്രി പറഞ്ഞു.

സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി. എസ് എസ് കെ കണ്ണൂർ ഡി.പി.സി ഇ.സി വിനോദ് പദ്ധതി വിശദീകരിച്ചു. ഇരിട്ടി നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. 2000 ത്തോളം കുട്ടികൾ പഠിക്കുന്ന ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് കെട്ടിട നിർമ്മാണത്തിനായി 46 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്. നഗരസഭാ വിഹിതമായി 8.62 ലക്ഷം രൂപ വകയിരുത്തി. 2023-24 അധ്യയന വർഷത്തിലാണ് ആറ് ക്ലാസു മുറികളുടെ നിർമാണ പ്രവൃത്തി ആരംഭിച്ചത്.
വൈജ്ഞാനിക രംഗത്ത് കുട്ടികൾക്ക് ഗവേഷണാഭിരുചിയും പുറം വാതിൽ പഠനവും സാധ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രീം ഹബ്ബ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ജില്ലയിൽ 15 ബി ആർസികളിലായി 15 സ്ട്രീം ഹബ്ബുകളാണ് ഒരുക്കിയിട്ടുള്ളത്.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത, സ്ഥിരം സമിതി ചെയർപേഴ്സൻമാരായ ടി.കെ ഫസീല, കെ. സോയ, കെ. സുരേഷ്, പി.കെ ബൾക്കിസ്, ചാവശ്ശേരി വാർഡ് കൗൺസിലർ വി.ശശി, ചാവശ്ശേരി ജി.എച്ച്. എസ്.എസ് പ്രിൻസിപ്പൽ സുനിൽ കരിയാടൻ, പ്രധാനധ്യാപിക എ.ഡി. ഓമന, ഇരിട്ടി ബി.പി.സി ടി.എം. തുളസീധരൻ, പിടിഎ പ്രസിഡന്റ് വി. രാജീവൻ, വൈസ് പ്രസിഡന്റ് കെ.കെ. ശ്രീനിവാസൻ, മദർ പിടിഎ പ്രസിഡന്റ് സി.വി. സുലേഖ, വൈസ് പ്രസിഡന്റ് പി. സീനത്ത്, പൂർവ്വ വിദ്യാർഥി സംഘടന സെക്രട്ടറി രവീന്ദ്രൻ മുണ്ടയാടൻ, സ്റ്റാഫ് സെക്രട്ടറി സാബു ജോസഫ്, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി വി.വി. വിനോദ്കുമാർ, സ്‌കൂൾ ലീഡർ ആശംസ് ഷാജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *