വെള്ളച്ചാൽ ടൗൺ സൗന്ദര്യവത്കരണ പ്രഖ്യാപനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു
ധർമ്മടം മണ്ഡലത്തിലെ ചെറുപട്ടണങ്ങളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്തും ചെമ്പിലോട് ഗ്രാമപഞ്ചായത്തും അതിർത്തി പങ്കിടുന്ന വെള്ളച്ചാൽ ടൗൺ സൗന്ദര്യവത്കരണ പ്രഖ്യാപനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. രാജ്യത്ത് ആദ്യമായി ഒരു ഡിസൈൻ പോളിസി കൊണ്ടുവരുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. അതിലെ നിർദേശങ്ങളിൽ ഒന്നാണ് പട്ടണങ്ങളുടെ സൗന്ദര്യവത്കരണം. കേരളത്തിന്റെ പൊതു ഇടങ്ങൾ കൂടുതൽ സൗന്ദര്യവത്കരിക്കുവാൻ സാധിക്കും. സൗന്ദര്യവത്കരിച്ച ഒരു പട്ടണത്തിലൂടെ സഞ്ചരിക്കുന്നവർക്ക് പോസിറ്റീവ് വൈബ് ലഭിക്കും. വെള്ളച്ചാലിന്റെ മുഖച്ഛായ തന്നെ മാറ്റിയ ഈ പദ്ധതി കേരളത്തിനാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
വെള്ളച്ചാൽ ടൗണിൽ നടന്ന പരിപാടിയിൽ പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ അധ്യക്ഷയായി. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ എന്നിവർ വിശിഷ്ടാതിഥികളായി. പി.ഡബ്ല്യു.ഡി റോഡ്സ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
വെള്ളച്ചാലിൽ നടപ്പാത നിർമാണം, കൈവരി സ്ഥാപിക്കൽ, ബസ് ഷെൽട്ടർ എന്നിവ പൂർത്തീകരിച്ചു. കാൽനടയാത്രക്കാർക്കായി വെള്ളച്ചാൽ പട്ടണത്തിന്റെ ഇരു ഭാഗത്തും നടപ്പാത സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തിൽ റോഡരികിൽ പാർക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ട്. വൈദ്യുതീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശത്തും അലങ്കാര തൂണുകളും വിളക്കുകളും സ്ഥാപിച്ചു. പുതിയ ഒരു ബസ് ഷെൽട്ടർ നിർമ്മിക്കുകയും നിലവിലുള്ളത് നവീകരിക്കുകയും ചെയ്തു. 300 മീറ്ററോളം ദൈർഘ്യത്തിലാണ് പദ്ധതി. മണ്ഡലത്തിലെ ചെറുപട്ടണങ്ങളായ വെള്ളച്ചാൽ, കോട്ടം, എടക്കാട്, പനയത്താംപറമ്പ്, എന്നിവയുടെ സൗന്ദര്യവത്കരണമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കിയത്. പദ്ധതിക്ക് 225 ലക്ഷം രൂപയുടെ പ്രത്യേക ഭരണാനുമതി 2022 ഒക്ടോബറിലാണ് ലഭിച്ചത്. 11791012 രൂപയ്ക്ക് ടെണ്ടർ വിളിച്ച് പ്രവൃത്തി പൂർത്തീകരിച്ചു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. കെ.എസ്.ഇ.ബി പോസ്റ്റുകൾ റോഡിന്റെ അതിർത്തിയിലേക്ക് മാറ്റുന്നതിനായി 2,05,535 രൂപ കൈ.എസ്.ഇ.ബിക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം സി സജീഷ്, മെമ്പർ സി സഞ്ചന, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മെമ്പർ പി കെ ഷംന, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം പി സമീർ, വി.വി പ്രമോദ്, പി. അരവിന്ദാക്ഷൻ, കെ.ഒ സുരേന്ദ്രൻ, രമേശൻ കട്ടേരി, വി.കെ. ഗിരിജൻ, ഹരീഷ് ബാബു, കെ ശിവദാസൻ, വ്യാപാരി വ്യവസായി പ്രതിനിധി സി.വി ശശി, മോട്ടോർ തൊഴിലാളി പ്രതിനിധി കെ.സി വിനോദൻ എന്നിവർ സംസാരിച്ചു.