പത്താമുദയത്തിന് പത്തരമാറ്റ് തിളക്കം: വിജയികളെ അനുമോദിച്ച് ജില്ലാ പഞ്ചായത്ത്
സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പത്താമുദയം പദ്ധതിയിൽ ജില്ലയിൽ മികച്ച വിജയം നേടിയവരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജില്ലാ പഞ്ചായത്ത് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം സമുന്നതമായ മാറ്റം വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായുവും വെള്ളവും വെളിച്ചവും പോലെ അനിവാര്യമായ ഒന്നാണ് വിദ്യാഭ്യാസം. അവിടെ ജാതി, മതം, പ്രായഭേദം, സാമ്പത്തിക പരാധീനതകൾ എന്നിവ ഇല്ലന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ അഭിമാനകരമായ മുന്നേറ്റത്തിൽ ഒരു തിലകച്ചാർത്താണ് പത്താമുദയം പദ്ധതി. ഇത് ഉത്കൃഷ്ടവും മാതൃകാപരവുമാണെന്നും മന്ത്രി പറഞ്ഞു. പത്താംതരം തുല്യത നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ലയാക്കി കണ്ണൂരിനെ മാറ്റുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. ഏറ്റവും പ്രായം കൂടിയ പഠിതാക്കൾക്കുള്ള പുരസ്കാരം ഉളിക്കൽ പഞ്ചായത്ത് തേർമലയിലെ 81 വയസ്സുകാരൻ എം.ജെ സേവ്യറും ചെങ്ങളായി പഞ്ചായത്ത് ചുഴലിയിലെ 75 വയസ്സുകാരി രുക്മിണി താഴത്തുവീട്ടിൽ ഒതയോത്തും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. മാധവി മാവില (74 വയസ്സ്), യശോദ (74 വയസ്സ്), എലിസബത്ത് മാത്യു (74 വയസ്സ്) എന്നിവരും പ്രായമേറിയ പഠിതാക്കളാണ്. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മാടായി സ്വദേശി എ.വി താഹിറ, ട്രാൻസ്ജെൻഡർ പഠിതാവ് സി.അപർണ എന്നിവരെയും പരിപാടിയിൽ ആദരിച്ചു. പത്താമുദയം മികച്ച രീതിയിൽ സംഘടിപ്പിച്ച ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാനങ്ങൾക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.
കണ്ണൂർ കോർപ്പറേഷൻ, ഇരിട്ടി നഗരസഭ, ഗ്രാമപഞ്ചായത്തുകളായ രാമന്തളി, പെരിങ്ങോംവയക്കര, എരമംകുറ്റൂർ, ചെങ്ങളായി, കോട്ടയം മലബാർ, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കുന്നോത്തുപറമ്പ്, കുറ്റിയാട്ടൂർ, മുണ്ടേരി, അഞ്ചരക്കണ്ടി, കോളയാട്, മുഴക്കുന്ന്, പേരാവൂർ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്കാരം. മികച്ച വിജയം നേടിയവർക്കുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വിതരണം ചെയ്തു. ജനപ്രതിനിധികളായ പഠിതാക്കളെ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എൻ.വി ശ്രീജിനി ആദരിച്ചു. 11 ജനപ്രതിനിധികളാണ് ജില്ലയിൽ പത്താമുദയം പദ്ധതിയിലൂടെ പത്താംക്ലാസ് വിജയിച്ചത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി. സരള നൂറ് ശതമാനം വിജയം നേടിയ പഠനകേന്ദ്രങ്ങൾക്കുള്ള അവാർഡ് വിതരണം ചെയ്തു. എട്ട് പഠനകേന്ദ്രങ്ങളാണ് പത്താമുദയം പദ്ധതിയിൽ നൂറ് ശതമാനം വിജയം നേടിയത്. വ്യത്യസ്തരായ പഠിതാക്കളെ ആദരിക്കുന്ന ചടങ്ങ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ സുരേഷ്ബാബു നിർവഹിച്ചു. പത്ത് ദമ്പതികളും 28 സഹോദരങ്ങളും പുരസ്കാരം ഏറ്റുവാങ്ങി. മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലാ പഞ്ചായത്തിനെയും ജില്ലാ സാക്ഷരത മിഷനെയും പരിപാടിയിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഗംഗാധരൻ മാസ്റ്റർ, സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി.വി ശ്രീജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബാബുരാജ്, ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ, പയ്യന്നൂർ കുഞ്ഞിരാമൻ, വി ആർ വി ഏഴോം എന്നിവർ സംസാരിച്ചു.
പത്താമുദയം പദ്ധതിയിലൂടെ പത്താം ക്ലാസ് പരീക്ഷയെഴുതിയ 1571 പേരിൽ 1424 പേരും ഇത്തവണ വിജയിച്ചു. 18 മുതൽ 81 വയസ്സു വരെയുള്ളവരായിരുന്നു പഠിതാക്കൾ. ജയിച്ചവരിൽ 1214 പേർ സ്ത്രീകളാണ്.