ദേശീയ യുവജനദിനം: പ്രഭാഷണ മത്സരം നടത്തി
ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രഭാഷണ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ചിൻമയ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ ചാലയിലെ രണ്ടാംവർഷ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിനി എൻ.ആർ സുമയ്യ ഒന്നാംസ്ഥാനം നേടി. കൂത്ത്പറമ്പ് നിർമ്മലഗിരി കോളേജിലെ രണ്ടാംവർഷ ബി എ മലയാളം വിദ്യാർത്ഥിനി വി. സാനിയ രണ്ടാംസ്ഥാനവും നിർമ്മലഗിരി കോളേജിലെ രണ്ടാംവർഷ ബി എ, എക്കണോമിക്സ് വിദ്യാർത്ഥി ആകാശ് കെ പ്രകാശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ ‘ജനാധിപത്യം വോട്ടവകാശം, തിരഞ്ഞെടുപ്പ് പങ്കാളിത്തം’ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം.
ജില്ലാ സ്വീപ് നോഡൽ ഓഫീസർ അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായ് കൃഷ്ണ വോട്ടിംഗ് പ്രക്രീയയിൽ യുവജനങ്ങൾക്കുള്ള പങ്ക് വിശദീകരിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി, ഹുസൂർ ശിരസ്തദാർ പി.പ്രേംരാജ് എന്നിവർ പങ്കെടുത്തു. വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ജനുവരി 25 ന് കലക്ടറേറ്റിൽ നടക്കുന്ന സമ്മതിദായകരുടെ പതിനഞ്ചാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യും.