കുറുന്തോട്ടിയിൽ നൂറുമേനി കൊയ്ത് കല്ല്യാശ്ശേരി മണ്ഡലം: നൂറേക്കറിലെ രണ്ടാംഘട്ട വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
കല്യാശ്ശേരി മണ്ഡലത്തിൽ ഔഷധ ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള കുറുന്തോട്ടി കൃഷിക്ക് നൂറുമേനി വിളവെടുപ്പ്. വിളവെടുപ്പിന്റെ മണ്ഡലം തല ഉദ്ഘാടനം ഏഴോം പാറമ്മലിൽ എം വിജിൻ എം.എൽ.എ നിർവ്വഹിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷനായി. കല്ല്യാശ്ശേരി കൃഷി അസി. ഡയറക്ടർ കെ സതീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
2023 മെയിൽ കടന്നപ്പള്ളി-പാണപ്പുഴ, ഏഴോം, കണ്ണപുരം എന്നീ മൂന്ന് പഞ്ചായത്തുകളിൽ 25 ഏക്കർ ഭൂമിയിലാരംഭിച്ച പദ്ധതി രണ്ടാംഘട്ടത്തിൽ എത്തുമ്പോൾ 100 ഏക്കറിൽ മികച്ച വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കർഷകർ.
കഴിഞ്ഞ ജൂലായിൽ മാടായിപ്പാറ തവരതടത്താണ് രണ്ടാംഘട്ട പദ്ധതി തുടങ്ങിയത്. മണ്ഡലത്തിൽ 100 ഏക്കറിൽ ഔഷധകൃഷി വ്യാപിപ്പിച്ചു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ 20 ഏക്കറിലും, ഏഴോം, ചെറുതാഴം എന്നിവിടങ്ങളിൽ 15 ഏക്കറിലും, പട്ടുവം, കല്ല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ 10 ഏക്കറിലും മാടായി, ചെറുകുന്ന് പഞ്ചായത്തുകളിൽ അഞ്ച് ഏക്കറിലുമാണ് കൃഷി ഇറക്കിയത്. ഇതിനായി സംസ്ഥാന സർക്കാർ 32.50 ലക്ഷം രൂപ അനുവദിച്ചു. അതോടൊപ്പം എരമം-കുറ്റൂർ പഞ്ചായത്തിലും കുറുന്തോട്ടി കൃഷി ആരംഭിച്ചു.
ആദ്യഘട്ടത്തിൽ 34 കർഷകരും രണ്ടാംഘട്ടത്തിൽ 97 കർഷകരുമാണ് കുറുന്തോട്ടി കൃഷിയുടെ ഭാഗമായത്. പഞ്ചായത്ത് തല കർഷക ഗ്രൂപ്പുകൾ രൂപീകരിച്ചു. വിളവെടുപ്പിലും വിത്തു ശേഖരണത്തിലും പരിശീലനം നൽകി. നിലം ഒരുക്കലിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെത്തി. വിളവെടുത്ത കുറുന്തോട്ടിയും വിത്തും തൃശൂരിലെ മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി വഴി പൊതുമേഖല സ്ഥാപനമായ ഔഷധിയാണ് ശേഖരിക്കുന്നത്.
ഇതിലൂടെ കർഷകർക്ക് മികച്ച വരുമാനമാണ് ഉറപ്പാക്കുന്നതെന്ന് എം വിജിൻ എം.എൽ.എ പറഞ്ഞു. നിരവധി പേർക്ക് തൊഴിൽ സാധ്യതയും ലഭിച്ചു. കർഷകർക്ക് വിപണന സഹായം ഉറപ്പുവരുത്തുന്നതിന് സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതായും എം.എൽ.എ അറിയിച്ചു.
കേരളത്തിലെ മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ഔഷധ ഗ്രാമം പദ്ധതിയിലൂടെ കഴിഞ്ഞ വർഷം കല്ല്യാശ്ശേരി മണ്ഡലം നേടി. സംസ്ഥാന കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാന്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പാറമ്മലിൽ ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ ഗീത, പഞ്ചായത്തംഗം കെ രജീഷ്, കൃഷി ഓഫീസർ ഇൻ ചാർജ് പി.ടി ബുഷറ, കെ മനോഹരൻ, ഇ.ടി വേണുഗോപാൽ എന്നിവർ സംസാരിച്ചു. പി പി രതീഷ്, റജീഷ് കെ, പി പി രാജേഷ്, സന്ദീപ് എം വി എന്നിവരാണ് പാറമ്മലിൽ കൃഷിയിറക്കിയത്.