കഠിനംകുളം ആതിര കൊലക്കേസ്; പ്രതി പിടിയിൽ
കഠിനംകുളം ആതിര കൊലക്കേസിൽ പ്രതി പിടിയിൽ. പ്രതി ജോൺസൺ ഔസേപ്പാണ് പിടിയിലായത്. കോട്ടയം കുറിച്ചിയിൽ നിന്ന് ചിങ്ങവനം പൊലീസാണ് ഇയാളെ പിടികൂടിയത്. വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറിച്ചിയിൽ ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു ജോൺസൺ ഔസേപ്പ്. കഴിഞ്ഞ ഏഴാം തീയതി മുതൽ ഇയാളെ കാണാനില്ലായിരുന്നു. തിരികെ എത്തിയപ്പോൾ ഇയാളുടെ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നു ജോൺസൺ ഔസേപ്പ്. ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസമായിരുന്നു ആരിതയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിലെ പൂജാരിയാണ്. ഭർത്താവ് ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആരിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലയ്ക്ക് പിന്നാലെ ആതിരയുടെ സ്കൂട്ടറുമായായിരുന്നു പ്രതി രക്ഷപ്പെട്ടത്. ഇന്നലെ സ്കൂട്ടർ പൊലീസ് കണ്ടെത്തിയിരുന്നു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്കൂട്ടർ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ തുറന്നു പരിശോധിച്ചിരുന്നു. പ്രതി പെരുമാതുറയിൽ താമസിച്ചിരുന്ന വാടകവീടും പൊലീസ് കണ്ടെത്തിയിരുന്നു. ആതിരയെ കൊലപ്പെടുത്താൻ വേണ്ടിയാണ് യുവാവ് വീട് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറഞ്ഞിരുന്നു.