മണിപ്പൂരിൽ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ച് ജെഡിയു
മണിപ്പൂരിൽ ജെഡിയു സംസ്ഥാന ദേശീയ നേതൃത്വങ്ങൾ തമ്മിൽ ഭിന്നത . ബിരേൻ സിംഗ് സർക്കാറിന് പിന്തുണ പിൻവലിച്ച സംസ്ഥാന അധ്യക്ഷനെ പുറത്താക്കി ദേശീയ നേതൃത്വം. മണിപ്പൂരിൽ ബി ജെ പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നു എന്ന് കാണിച്ച് ജെഡിയു സംസ്ഥാന അധ്യക്ഷനായ ബിരേൻ സിംഗ് ആണ് ഗവർണർക്ക് കത്തു നൽകിയത്.
ജെഡിയുവിന്റെ ഏക എംഎൽഎയായ എംഡി അബ്ദുൽ നസീർ പ്രതിപക്ഷ ബ്ലോക്കിൽ ഇരിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിലും ബീഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയു മണിപ്പൂരിൽ ബിജെപിക്ക് പിന്തുണ പിൻവലിച്ചതിന് പിന്നാലെ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. സംസ്ഥാന അധ്യക്ഷന്റെ തീരുമാനം ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെ ആയിരുന്നു എന്ന് പാർട്ടി ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ ബിരേൻ സിങ്ങിനെ പദവിയിൽ നിന്ന് മാറ്റിയെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് എംഎൽഎമാരാണ് ജെഡിയുവിന് ഉണ്ടായിരുന്നത് എന്നാൽ പിന്നീട് അഞ്ച് എംഎൽഎമാർ ബിജെപിയിലേക്ക് മാറി. ഇതോടെ ജെഡിയുവിന് ഒരു എംഎൽഎ മാത്രമായി. എംഎൽഎമാരെ കൂറുമാറ്റിയ ബിജെപിക്കെതിരെ ജെഡിയു സംസ്ഥാന ഘടകത്തിൽ വിയോജിപ്പ്. നിലനിൽക്കുന്നതിനിടെയായിരുന്നു പിൻമാറ്റ നീക്കം.
60 അംഗ മണിപ്പൂർ നിയമസഭയിൽ 37 എംഎൽഎമാരാണ് ബിജെപിക്കുളളത്. കൂടാതെ നാഗാ പീപ്പിൾസ് ഫ്രണ്ട് പാർട്ടിയുടെ 5 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപി സർക്കാരിനെ പിന്തുണക്കുന്നുണ്ട്.