ഉമാ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; വെന്റിലേറ്റര്‍ സഹായം തുടരും
കലൂരില്‍ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വെന്റിലേറ്ററില്‍ തുടരും. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റര്‍ സഹായം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗം വെന്റിലേറ്ററില്‍ തുടരുന്ന എംഎല്‍എയുടെ ശ്വാസ കോശത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ട്.
വെന്റിലേറ്റര്‍ സഹായം കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇടവിട്ടാണ് വെന്റിലേറ്റര്‍ സഹായം നല്‍കുന്നത്. എന്നാല്‍ സ്വയം ശ്വാസമെടുക്കാന്‍ പ്രാപ്തയാകുന്നതു വരെ വെന്റിലേറ്ററില്‍ തുടരും. തലച്ചോറിനേറ്റ പരിക്കില്‍ കാര്യമായ ആശങ്കയില്ല. വാരിയെല്ലുകള്‍ ഒടിഞ്ഞതിനാല്‍ കഠിനമായ വേദനയുണ്ട്. ഇതിനായി വേദന സംഹാരി പാച്ചുകള്‍ ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണുകള്‍ തുറക്കുകയും കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്തിരുന്നു. മകന് പുതുവത്സരാംശംസയും നേര്‍ന്നിരുന്നു. ഇത് ആരോഗ്യനിലയിലെ ആശാവഹമായ പുരോഗതിയാണെന്നാണ് വിലയിരുത്തൽ.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. താല്‍ക്കാലിക സ്റ്റേജിന്റെ നിര്‍മ്മാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.