വഴിയടച്ച് പാർട്ടി പരിപാടി: എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
വഴി മുടക്കി സമ്മേളനങ്ങളും പ്രതിഷേധവും നടത്തിയതിന് നേതാക്കള്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബാലരാമപുരത്തെ ജ്വാലാ വനിതാ ജംഗ്ഷന്‍ പരിപാടി നടത്തിയ സംഭവത്തില്‍ കിരണ്‍ നാരായണന്‍ ഐപിഎസും ഹാജരാകണം.
തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഐഎം ഏരിയാ സമ്മേളനത്തിനായി റോഡ് കെട്ടിയടച്ച സംഭവത്തിലാണ് എം.വി ഗോവിന്ദന്‍, കടകംപള്ളി സുരേന്ദ്രന്‍, അടക്കമുള്ള നേതാക്കള്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വഴിയടച്ച് സെക്രട്ടേറിയേറ്റില്‍ ജോയിന്റ് കൗണ്‍സില്‍ നടത്തിയ സമരത്തിലാണ് ബിനോയ് വിശ്വം ഹാജരാകേണ്ടത്.
കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തിലും നടപടിയുണ്ട്. ഡി.സി .സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസടക്കം ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണം.