നിയമം മനുഷ്യനുവേണ്ടി; ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ടില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി
ഏറെ ചര്‍ച്ചയായ വനനിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടി എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടിനീങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നിയമത്തിന്റെ ഏതെങ്കിലും വകുപ്പുകള്‍ വഴി നിഷ്പ്തിമാകുന്ന അധികാരം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വനനിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നത് അന്‍വറിന് ക്രെഡിറ്റാകുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പുഞ്ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജനങ്ങളുടെ ആശങ്കകള്‍ ഗൗരവത്തോടെ പരിഗണിച്ചാണ് തീരുമാനമെന്നും സംസ്ഥാനത്തെ സാഹചര്യം മനസിലാക്കിയാണ് പ്രഖ്യാപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തില്‍ മാറ്റമില്ല. മനുഷ്യരുടെ പുരോഗതിയും നിലനില്‍പ്പും അതിലൂടെ പ്രകൃതിയുടെ വിശാലതലത്തിലുള്ള സംരക്ഷണവുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മലയോരമേഖലയിലുള്ളവരുടെ ന്യായമായ താത്പര്യത്തിനെതിരെ ഒരു നിയമവും നടപ്പില്‍ വരുത്തില്ല എന്നതാണ് ഇടത് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനനിയമഭേഗതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് നിരവധി ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ ഒരു സാഹചര്യത്തില്‍ നിയമഭേദഗതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വന്യജീവി ആക്രമണങ്ങള്‍ തുടരുകയാണ്. ഇതില്‍ ശാശ്വത പരിഹാരം എങ്ങനെ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്രവന്യജീവി സംരക്ഷണ നിയമമാണ് മുന്നില്‍ തടസമായി നില്‍ക്കുന്നത്. പ്രശ്‌നപരിഹാരം സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് മാത്രം സാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.