സംവിധായകൻ ഷാഫി അന്തരിച്ചു
സംവിധായകൻ ഷാഫി അന്തരിച്ചു. അർധരാത്രി 12.25നാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അന്ത്യം. 57 വയസായിരുന്നു. ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ 9 മുതൽ കലൂരിൽ പൊതുദർശനം. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും.
2001ലാണ് തൻ്റെ ആദ്യ സിനിമ സംവിധാനം ചെയ്‌തത്. ‘വൺമാൻഷോ’ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തെത്തിയത്. തുടർന്ന് തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, മായാവി അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. 18 സിനിമകളാണ് ഷാഫി ഇതുവരെ സംവിധാനം ചെയ്തത്. ഇതിൽ ഒരു തമിഴ് സിനിമയും ഉൾപ്പെടും.
1968-ൽ എറണാകുളത്ത് ജനിച്ച ഷാഫി 1996-ൽ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ സഹ സംവിധായകനായാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് റാഫി- മെക്കാർട്ടിൻ ചിത്രങ്ങളിലും അമ്മാവനായ സംവിധായകൻ സിദ്ദിഖിന്റെ സിനിമകളിലും പ്രവർത്തിച്ചു. ചോക്കളേറ്റ്, ലോലിപോപ്പ്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി, ഷേർലക്ക് ടോംസ് തുടങ്ങിയ സിനിമകളും സംവിധാനം ചെയ്ത ഷാഫിയുടെ അവസാന ചിത്രം 2022ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന സിനിമയായിരുന്നു. ഷറഫുദ്ദീൻ ആയിരുന്നു നായകൻ.