അഴിമതി വെളിപ്പെടുത്തി; മാധ്യമപ്രവർത്തകനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി

0

ഛത്തീസ്ഗഡിൽ അഴിമതി വെളിച്ചത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറിനെ റോഡ് നിർമാണ കരാറുകാരനായ സുരേഷ് ചന്ദ്രകറും സംഘവും കൊന്നത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളിൽ വരെ മുറിവുകൾ ഉള്ളതായുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.മുകേഷ് ചന്ദ്രകറിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയിൽ മാത്രം 15 ഫ്രാക്ച്ചറുകൾ ഉള്ളതായും കണ്ടെത്തി. മുകേഷിനെ കൊന്നത് എത്രത്തോളം ക്രൂരമായാണെന്ന് ആന്തരികാവയവങ്ങൾക്കുള്ള പരിക്കുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുകേഷിന്റെ ഹൃദയം കീറി മുറിക്കപ്പെട്ടതായും, കരൾ നാല് കഷ്ണം ആക്കിയതായും റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകളിൽ മാത്രം അഞ്ച് ഒടിവുകളാണുള്ളത്. കേസിൽ കരാറുകാരനായ സുരേഷ് ചന്ദ്രകറെ പൊലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.


റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പക മൂലമാണ് സ്വതന്ത്ര്യ മാധ്യമപ്രവർത്തകനായിരുന്ന മുകേഷ് ചന്ദ്രാകർ കൊല്ലപ്പെട്ടത്. 28കാരനായ മുകേഷ് നിരന്തരം ജനകീയ വിഷയങ്ങളിൽ ഇടപെടുന്നയാളായിരുന്നു. ബിജാപൂർ നഗരത്തിലെ റോഡ് കോൺട്രാക്ടറായ സുരേഷ് ചന്ദ്രകറിന്റെ വീട്ടിൽ സെപ്റ്റിക് ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.ജനുവരി ഒന്ന് മുതലാണ് മുകേഷിനെ കാണാതായത്. മുകേഷിന്റെ അവസാന ലൊക്കേഷൻ സുരേഷിന്റെ വീടിന് അടുത്തായിരുന്നു എന്നതാണ് പൊലീസിനെ പ്രതിയിലേക്കെത്താൻ സഹായിച്ചത്. ഇവിടം പരിശോധന നടത്തിയ പൊലീസ് പുതുതായി കോൺക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയിൽ ഒരു സെപ്റ്റിക്ക് ടാങ്ക് കണ്ടെത്തി. ഇതിൽ സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *