ഹണി റോസിനെതിരായ മോശം പരാമർശം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

0

രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി തൃശൂര്‍ സ്വദേശി. ചാനല്‍ ചര്‍ച്ചകളില്‍ ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയെന്ന് കാണിച്ച് സലീം എന്നയാളാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം രാഹുലിനെതിരെ ഹണിറോസ് തന്നെ രംഗത്തെത്തിയിരുന്നു. താനും കുടുംബവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നതെന്ന് നടി ഹണി റോസ് വ്യക്തമാക്കിയിരുന്നു. അതിനു പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വര്‍ ആണെന്നും ഹണിറോസ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

തന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഹണിറോസ് ആരോപിച്ചിരുന്നു.

എന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എന്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴില്‍ നിഷേധരീതിയിലും, നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോര്‍വിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ ഞാന്‍ നിയമനടപടി കൈക്കൊള്ളുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ല എന്നും ഹണിറോസ് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ച് വ്യക്തമാക്കിയിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *