ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; റിമാൻഡിൽ
നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പരിപാടിയുടെ ദൃശ്യങ്ങൾ മുഴുവൻ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.
ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്തിയ വകുപ്പുകള്‍ ജാമ്യം നിഷേധിക്കാന്‍ പോന്നതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു. എന്നാല്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും കേസിന് ആസ്പദമായ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗവും കോടതിയിൽ വാദിച്ചു.
വിഡിയോ ചേമ്പറില്‍ കണ്ടേക്കും. വിഡിയോ കാണുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചിരുന്നു. ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എന്ന് പ്രതിഭാഗം പറഞ്ഞു. അതിനാല്‍ മുഴുവന്‍ ദൃശ്യങ്ങളും കാണണമെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് അതൊരു പ്രോത്സാഹനമാകുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് കൂടി തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു.
പല അഭിമുഖങ്ങളിലും ബോബി ചെമ്മണ്ണൂര്‍ മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതായി പ്രോസിക്യൂഷന്‍ പറഞ്ഞു. ലൈംഗിക ചുവയോടെ സ്ത്രീ ശരീരത്തെ വര്‍ണ്ണിക്കുന്നത് ലൈംഗിക അതിക്രമം തന്നെയാണ്. കുന്തി ദേവിയായി അഭിനയിച്ച നടിയെ പോലെയുണ്ട് ഹണിയെ കാണാന്‍ എന്നാണ് പറഞ്ഞതെന്ന് പ്രതിഭാഗം പറഞ്ഞു. പ്രതി മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ജാമ്യം നല്‍കിയാല്‍ നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.