കസേര പിടിച്ചിടാന്‍പോലും കലോത്സവവേദിയില്‍ കയറിയിട്ടില്ല: ഈ വേദി തന്നത് സിനിമ എന്ന കല’: ആസിഫ് അലി
കസേര പിടിച്ചിടാൻ പോലും ഇതുവരെ ഒരു യുവജനോത്സവത്തിൽ പങ്കെടുത്തിട്ടില്ലെന്ന് നടൻ ആസിഫ് അലി. കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഈ വേദിയിൽ നിൽക്കുമ്പോൾ വളരെയധികം അഭിമാനം തോന്നുന്നു.
ഈ വേദി തനിക്ക് തന്നത് സിനിമ എന്ന കല. തൻ്റെ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ് ഇവിടെ നിൽക്കാൻ സാധിച്ചത്. കലയെ കൈവിടരുത്. കഴിവ് തെളിയിച്ച കലയിൽ നിന്ന് കുട്ടികൾ പിന്നോട്ട് പോകരുത്. നമ്മുക്ക് ഭാവിയിൽ സിനിമകളിൽ ഒരുമിച്ച് അഭിനയിക്കാം. സിനിമയിലേക്ക് എല്ലാവർക്കും സ്വാഗതം. വിജയികളായ തൃശൂർ ജില്ലയിലെ കുട്ടികൾക്ക് പുതിയ ചിത്രത്തിൻ്റെ സൗജന്യ ടിക്കറ്റും നൽകുമെന്ന് ആസിഫ് അലി പറഞ്ഞു.
അതേസമയം ഭാവിയുടെ വാഗ്ദാനങ്ങളായി ഈ കുട്ടികൾ വളരുന്നു എന്നത് അഭിമാനവും പ്രതീക്ഷയുമെന്ന് നടൻ ടോവിനോ തോമസ് പറഞ്ഞു. താൻ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒക്കെ പങ്കെടുത്തിട്ടുള്ള ആളാണെന്ന് ഇതുവഴി തനിക്ക് പറയാൻ ആകും. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ജീവിതകാലം മുഴുവൻ കലയെ കൈവിടാതെ നിർത്തുക.
കല മനുഷ്യരെ തമ്മിൽ തല്ലിക്കില്ല. സംഘാടകർ, വിദ്യാഭ്യാസ വകുപ്പും,മറ്റ് കമ്മിറ്റികളും വിജയികളും എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നൂലിഴ വ്യത്യാസത്തിലാണ് പരാജയം. പരാജയപ്പെട്ടവർക്കും തന്റെ അഭിനന്ദനങ്ങളെന്ന് ടോവിനോ പറഞ്ഞു.
വസ്ത്രധാരണത്തിലെ വിഡിയൊ കണ്ടു. ആ കൂട്ടത്തിൽ പറഞ്ഞ വസ്ത്രമാണ് താൻ ഇട്ടിരിക്കുന്നത്. കറുത്ത ഷർട്ടും വെള്ള മുണ്ടും. മറ്റ് ഓപ്ഷൻ പറഞ്ഞവർ ക്ഷമിക്കണം. അടുത്ത തവണ ഭാഗ്യം ലഭിച്ചാൽ അത് അനുസരിക്കാമെന്നും ടോവിനോ പറഞ്ഞു.