സ്വര്‍ണക്കപ്പിന്റെ ശില്പിയെ കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് മന്ത്രി

0

കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ ക്ഷണിച്ചത്. ശില്പിയെ കലോത്സവ വേദിയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് നിർമ്മിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപതിനേഴ് പവന്റെ സ്വർണ്ണക്കപ്പിന്റെ നിർമ്മാണം. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി.

അതേസമയം, തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വൻ വിജയമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുസമൂഹത്തിന്റെ പിന്തുണയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കരുത്ത്. ജനുവരി നാലു മുതൽ 8 വരെയുള്ള ദിനരാത്രങ്ങളിൽ പൊതുജനം കലോത്സവത്തിന്റെ കൂടെയുണ്ടാകണം.

ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തിൽ അരങ്ങേറേണ്ടത്. തെറ്റായ ഒരു പ്രവണതയും പ്രോത്സാഹിപ്പിക്കില്ല. മാന്വൽ അനുസരിച്ചു മാത്രമാണ് കലോത്സവം സംഘടിപ്പിക്കപ്പെടുക. വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും കലോത്സവത്തിന്റെ അന്തസ്സ് ഉൾക്കൊണ്ട് പെരുമാറണം.

മികച്ച രീതിയിലുള്ള സംഘാടനമാണ് കലോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്നത്. 19 സബ് കമ്മിറ്റികളും മികച്ച രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥി വളണ്ടിയർമാരും പോലീസ് അടക്കമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളും കലോത്സവ സംഘാടനത്തിന് സജ്ജരായി കഴിഞ്ഞു. സ്വർണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് ലഭിച്ച വരവേൽപ്പ് തന്നെ പൊതുജനം കലോത്സവത്തെ എത്രത്തോളം ഏറ്റെടുക്കുന്നു എന്നതിന് തെളിവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

About The Author

Leave a Reply

Your email address will not be published. Required fields are marked *