അമേരിക്കയിൽ പുതുവർഷ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി, വെടിവെപ്പ്; 10 മരണം
അമേരിക്കയില്‍ ജനക്കൂട്ടത്തിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം. ട്രക്ക് ഡ്രൈവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.
അപകടത്തില്‍പ്പെട്ടവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) കേസ് ഏറ്റെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് ന്യൂ ഓര്‍ലിയന്‍സ് പൊലീസ് സൂപ്രണ്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇവര്‍ക്ക് നേരെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതിയില്‍ പ്രശ്‌നങ്ങളില്ല. പ്രദേശവാസികളാണ് സംഭവത്തില്‍ പരിക്കേറ്റവരേറെയും എന്നും പൊലീസ് പറയുന്നു.
വിഷയത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചിട്ടുണ്ട്. ന്യൂ ഓര്‍ലിയന്‍സ് മേയറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.