തൊഴിൽ സമ്മർദം പഠിക്കാൻ യുവജനകമ്മീഷൻ

0
തൊഴിലിടങ്ങളിൽ യുവജനങ്ങൾ നേരിടുന്ന മാനസിക സമ്മർദവും അവയുടെ അനന്തരഫലങ്ങളും ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് യുവജനകമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. യുവജനകമ്മീഷന്റെ ജില്ലാതല അദാലത്തിന് ശേഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെക്സ്റ്റൈൽസുകൾ മുതൽ ഐ.ടി പാർക്കുകൾ വരെയുള്ള വിവിധ തൊഴിലിടങ്ങളിൽ യുവാക്കളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇ.വൈയിൽ ജോലി ചെയ്തിരുന്ന മലയാളിയായ അന്ന സെബാസ്റ്റ്യന്റെ മരണമാണ് ഇത്തരമൊരു പഠനവുമായി മുന്നോട്ട് പോകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
പഠനത്തിന്റെ ഭാഗമാകുന്നതിനായി സൈക്കോളജി, സോഷ്യൽ വർക്ക് വിദ്യാർഥികൾക്ക് ഡിസംബർ 18 വരെ യുവജന കമ്മീഷൻ വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഡിസംബർ 25ന് ആരംഭിക്കുന്ന പഠനം ഒരുമാസം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ നേതൃത്വത്തിൽ യുവാക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ച് നടത്തിയ ഒന്നാംഘട്ട പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള 900ത്തോളം കേസുകളാണ് റിപ്പോർട്ടിൽ പഠനവിധേയമാക്കിയതെന്നും ചെയർമാൻ പറഞ്ഞു.
25 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇവയിൽ 12 എണ്ണം പരിഹരിച്ചു. 13 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പത്ത് പുതിയ പരാതികൾ അദാലത്തിൽ ലഭിച്ചു. എയ്ഡഡ് നിയമനം, പൊലീസുമായി ബന്ധപ്പെട്ടവ, വേതനപ്രശ്നങ്ങൾ തുടങ്ങിയ പരാതികളാണ് കമ്മീഷന് ലഭിച്ചത്. മോർഫിംഗിനെതിരെ കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിൽ കമ്മീഷന്റെ നിർദ്ദേശപ്രകാരം തലശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ പി. സി. ഷൈജു, കെ. പി. ഷജീറ,  പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *