വിഴിഞ്ഞം: ഗ്രാന്റ് ലാഭവിഹിതമായി തിരിച്ചുനൽകണമെന്ന് വീണ്ടും കേന്ദ്രം, മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളി

0

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സർക്കാർ. വിജിഎഫുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം പിൻവലിക്കണമെന്ന് കാണിച്ച് മുഖ്യമന്തി നൽകിയ കത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ആണ് ഈ കാര്യം വ്യക്തമാക്കിയത്. ഇതോടെ, സംസ്ഥാനസർക്കാർ വിഴിഞ്ഞത്തിനായി കൂടുതൽ പണം കണ്ടെത്തേണ്ടിവരും.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടർ ഹാർബർ പദ്ധതിക്ക് 1411 കോടിരൂപ അനുവദിച്ചത് തിരിച്ചുനൽകേണ്ടെന്ന വ്യവസ്ഥയിലാണ്. ഇതേ പരിഗണന വിഴിഞ്ഞത്തിനും വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ, തൂത്തുക്കുടിയെയും വിഴിഞ്ഞത്തെയും താരതമ്യംചെയ്യാൻ കഴിയില്ലെന്ന് നിർമലാ സീതാരാമൻ പറയുന്നു. തൂത്തുക്കുടി തുറുമുഖം വി.ഒ.സി. പോർട്ട് അതോറിറ്റിയുടേതാണ്. അത് കേന്ദ്രസർക്കാരിന്റെ ഭരണനിയന്ത്രണത്തിലുള്ള സ്ഥാപനമാണ്.

817.80 കോടിരൂപ വി.ജി.എഫ്. ആയി വിഴിഞ്ഞത്തിന് നൽകാനാണ് കേന്ദ്രത്തിലെ ഉന്നതാധികാരസമിതി ശുപാർശചെയ്തത്. ഇത് നെറ്റ് പ്രസന്റ് വാല്യു (എൻ.പി.വി.) അടിസ്ഥാനമാക്കി ലാഭവിഹിതമായി തിരിച്ചുനൽകണമെന്ന നിബന്ധനയാണ് കേന്ദ്രത്തിന്റേത്. ഇപ്പോൾ നൽകുന്ന 817.80 കോടിരൂപ 10,000 മുതൽ 12,000 കോടിവരെയായി ഉയർന്നേക്കാമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇത് കേന്ദ്രം ചെറിയപണം മുടക്കി വലിയലാഭം കൊയ്യുന്നതിന് സമാനമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *