ദക്ഷിണ കൊറിയ വിമാന അപകടം; മരണം 62 ആയി
ദക്ഷിണ കൊറിയയിലുണ്ടായ വിമാന അപകടത്തില്‍ മരണസംഖ്യ 62 കടന്നു. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേരെ രക്ഷപ്പെടുത്തിയതായി ദേശീയ അഗ്‌നിശമന ഏജന്‍സി അറിയിച്ചു. രക്ഷപ്പെട്ടര്‍ ക്രൂ അംഗങ്ങളാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.
രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. 175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം.
അപകടത്തില്‍ പെട്ടതില്‍ 173 യാത്രക്കാര്‍ ദക്ഷിണ കൊറിയക്കാരും രണ്ട് പേര്‍ തായ്ലന്‍ഡ് പൌരന്മാരുമാണ്. അതേസമയം, വിമാനത്തില്‍ പക്ഷി ഇടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. റണ്‍വേയിലേക്ക് വേഗത്തിലിറങ്ങിയ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങളില്‍ വ്യക്തമാണ്.
റണ്‍വേ കടന്നും മണ്ണിലൂടെ നിരങ്ങിപ്പോയ വിമാനം സമീപത്തെ ബാരിയറില്‍ ഇടിച്ച് തകരുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.