ട്രെയിനടിയിൽ നിന്നും രക്ഷപെട്ട പവിത്രന് ഇത് രണ്ടാം ജന്മം
കണ്ണൂരിൽ ചീറിപ്പാഞ്ഞെത്തിയ ട്രെയിനടിയിൽ നിന്നും രക്ഷപെട്ട ഭീതിയിൽ പവിത്രൻ. ഫോൺ ചെയ്ത് നടന്നപ്പോൾ പെട്ടെന്ന് ട്രെയിൻ വരികയായിരുന്നു എന്നാണ് ഇയാളുടെ വിശദീകരണം. മദ്യപിച്ചിരുന്നില്ലെന്നും പ്രാണരക്ഷാർത്ഥമാണ് ട്രെയിനടിയിൽ കിടന്നതെന്നും പന്നിയാൻപാറ സ്വദേശിയായ പവിത്രൻ പറഞ്ഞു. സ്കൂൾ വാഹനത്തിലെ ക്ലീനറാണ് പവിത്രൻ.
ഇന്നലെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പന്നേൻപാറ റെയിൽവേ ഗേറ്റിന് സമീപം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്.
സംഭവത്തിന് ദൃക്സാക്ഷികളാരുമുണ്ടായിരുന്നില്ലെന്നും പവിത്രൻ പറയുന്നു. ദൃശ്യങ്ങൾ വ്യാപകമായതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് പല കഥകളാണ് പുറത്ത് വന്നത്. മദ്യപാനിയായ ഒരാള്‍ ട്രാക്കില്‍ കിടന്നിട്ട് എഴുന്നേറ്റ് പോയെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. വീഡിയോ കണ്ടപ്പോൾ ഉളളിൽ പേടി തോന്നിയെന്നും പവിത്രൻ പറഞ്ഞു. സ്ഥിരമായി ഇതുവഴി പോകാറുണ്ടെന്നും ആദ്യമായിട്ടാണ് ഇങ്ങനയൊരു അനുഭവമെന്നും പവിത്രൻ പറഞ്ഞു.