തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. വീട്ടുകാർ നൽകിയ പരാതിയിൽ ആണ് നടപടി. അഭിജിത്തിനെ വിശദമായി ചോദ്യംചെയ്യും. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ ആണ് ഭർതൃവീട്ടിൽ മരിച്ചത്. അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിൽ ബെഡ്റൂമിലെ ജനലിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടത്.വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്ന് തെളിഞ്ഞു. പിന്നാലെ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. വലിയ പീഡനങ്ങൾ ഇന്ദുജ അഭിജിത്തിന്റെ വീട്ടിൽ അനുഭവിച്ചിരുന്നതായി കുടുംബം ആരോപിച്ചു.
പാലോട് പൊലീസിൽ ഇന്ദുജയുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്നാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്ദുജ വീട്ടിൽ വിളിക്കുമ്പോൾ അമ്മയോട് ചില പ്രശ്നങ്ങൾ പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. ഇന്ദുജയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താനും പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരൻ ആണ്.