ഷാന്‍ വധക്കേസ്; 4 പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ വധക്കേസിൽ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രൊസിക്യൂഷന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി.
2021 ഡിസംബർ 18നാണ് ഷാൻ കൊല്ലപ്പെടുന്നത്. അതിന് തൊട്ട് പിന്നാലെയാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെടുന്നത്. പൊലീസ് അന്വേഷണം നടത്തി രണ്ട് കേസിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് പ്രതികളില്‍ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കേസില്‍ തുടര്‍ നടപടിയുണ്ടായില്ല. അന്വേഷണത്തിലും നിയമവ്യവഹാരങ്ങളിലും കടുത്ത വിവേചനവും ഇരട്ട നീതിയും വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഷാന്‍ വധക്കേസിന്റെ നാള്‍വഴിയിലുടനീളം ഉണ്ടായിരുന്നത്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലെ മുഴുവൻ പ്രതികൾക്കും കൂട്ടവധശിക്ഷ കോടതി വിധിച്ചിരുന്നു.