ക്ഷേത്രങ്ങളിലെ നിത്യോപയോഗമില്ലാത്ത 535 കിലോഗ്രാം സ്വർണം ഏറ്റെടുക്കാനൊരുങ്ങി എസ്ബിഐ
കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ അടക്കം നിത്യോപയോഗമില്ലാത്ത 535 കിലോഗ്രാം സ്വർണം ഏറ്റെടുക്കാനൊരുങ്ങി എസ്ബിഐ. ശബരിമലയുൾപ്പെടെയുള്ള ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലെ സ്വർണമായിരിക്കും ജനുവരി പകുതിയോടെ നിക്ഷേപപ്പദ്ധതിയിൽ എസ്ബിഐക്ക് കെെമാറുക. ഹൈക്കോടതി അനുമതിയോടെ, എട്ടുമാസമായി തുടരുന്ന പരിശോധനയും കണക്കെടുപ്പും പൂർത്തിയായതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലെ സ്വർണം 21 സ്‌ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. പ്രധാനമായും ഭക്തർ കാണിക്കയായും നടയ്ക്കുവെച്ചതുമായ ആഭരണങ്ങളാണ് ക്ഷേത്രങ്ങളിലുള്ളത്.
ഇപ്പോഴത്തെ സ്വർണവിലയനുസരിച്ച് 10 കോടിയോളം രൂപ പ്രതിവർഷം പലിശയിനത്തിൽ ലഭിക്കും. അഞ്ചുവർഷത്തേക്കുള്ള നിക്ഷേപപ്പദ്ധതിക്ക് ദേവസ്വംബോർഡ് യോഗം അന്തിമാനുമതി നൽകി.ജനുവരി മൂന്നിന് എസ്ബിഐ ദേവസ്വംബോർഡ് പ്രതിനിധികളും ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന യോഗത്തിലാണ് അന്തിമ തീരുമാനമായത്. സ്വർണം സ്‌ട്രോങ് റൂമുകളിൽനിന്ന് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഗ്രൂപ്പിലെ വലിയശാലയിലെത്തിക്കും. മെറ്റൽ ആൻഡ് മിനറൽസ് ട്രേഡിങ് കോർപ്പറേഷൻ അധികൃതരുടെ സാന്നിധ്യത്തിൽ ബാങ്കിന്റെ തൃശ്ശൂർശാഖയ്ക്ക് സ്വർണം കൈമാറുകയും ചെയ്യും.