കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകൾക്ക് തുടക്കമായി
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിലുള്ള കണ്ണൂർ ജില്ലയിലെ താലൂക്ക് അദാലത്തുകൾക്ക് തുടക്കമായി. കണ്ണൂർ താലൂക്ക് അദാലത്ത് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി. കെ വി സുമേഷ് എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, ജില്ലാ കളക്ടറുടെ ചുമതലയുള്ള എ ഡി എം സി പദ്മ ചന്ദ്ര കുറുപ്പ്, തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. അദാലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതികൾ പരിഗണിക്കുന്നു.
തലശ്ശേരി താലൂക്ക് അദാലത്ത് ഡിസംബർ 10 ചൊവ്വാഴ്ച രാവിലെ 10 മുതൽ തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിലാണ്. തളിപ്പറമ്പ് താലൂക്ക് അദാലത്ത് ഡിസംബർ 12 വ്യാഴാഴ്ച രാവിലെ 10 മുതൽ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലും പയ്യന്നൂർ താലൂക്ക് അദാലത്ത് ഡിസംബർ 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും നടക്കും. ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെൻറ് ജോസഫ് ചർച്ച് ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത്.ഇരിണാവിലെ എലിയൻ ചന്ദ്രിക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും ഒ ആർ കേളുവും ചേർന്ന് റേഷൻ കാർഡ് നൽകി .