പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തു
വൈക്കം സത്യാഗ്രഹം കേരളത്തിന്റെ മാത്രം പോരാട്ടം അല്ല ഇന്ത്യയിലെ സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നുവെന്ന് എം.കെ സ്റ്റാലിൻ. ഇത് പെരിയാറിന്റെ വിജയമാണെന്നും മുഖ്യമന്ത്രി എന്ന നിലയിൽ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രിയാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്നാണ് പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തത്. വൈക്കം വലിയ കവലയിലാണ് നവീകരിച്ച തന്തൈ പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തത്. കേരള മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും തമിഴ്നാട് മന്ത്രിമാരായ എ വി വേലു , ദുരൈമുരുകൻ, എം പി സ്വാമിനാഥൻ , ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണിയും ചടങ്ങിൽ പങ്കെടുത്തു. വൈക്കത്തുള്ള സ്മാരകം എട്ടരക്കോടി രൂപ മുടക്കിയാണ് തമിഴ്നാട് സർക്കാർ നവീകരിച്ചത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു നവീകരണം.