ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കരട് ബില്ലിന് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്കി. സമഗ്രമായ ബില്‍ പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുമെന്നാണ് സൂചന. ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുൻ പ്രസിഡൻ്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ട് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് അംഗീകാരം നല്‍കിയത്. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിടും.
ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ സംവിധാനം 2014 മുതൽ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പു വരുന്നത് രാജ്യപുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സർക്കാർ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രാംനാഥ് കോവിന്ദ് കമ്മിറ്റിയെ എതിർപ്പ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു.