തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരത്ത് നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലോടാണ് സംഭവം. കൊന്നമൂട് സ്വദേശി ഇന്ദുജ(25)യെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇന്ദുജയുടേയും അഭിജിത്തിന്റെയും വിവാഹം. വീട്ടില്‍ നിന്ന് വിളിച്ചിറക്കി അമ്പലത്തില്‍വെച്ച് വിവാഹം നടത്തുകയായിരുന്നു. സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്. വിവാഹത്തിന് ശേഷം ഇന്ദുജയ്ക്ക് വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ലെന്നാണ് വിവരം.