ഭരണഘടനയെ അവഹേളിക്കുന്നതിന്റെ പാരമ്പര്യം നെഹ്‌റു കുടുംബം ഇന്നും കാക്കുന്നു: രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി

0

ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺ​ഗ്രസ് രാജ്യത്തിൻ്റെ ഭരണഘടയെ അപമാനിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ പരാമർശം. കോൺഗ്രസിലെ ഒരു കുടുബം ഭരണഘടനയെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചു. ഒരു കുടുംബം ഇന്ത്യയെ 55 വർഷം ഭരിച്ചു. ഭരണഘടനയെ തകർക്കുന്നതെല്ലാം അവർ ചെയ്തു. വ്യക്തി താത്പര്യത്തിന് വേണ്ടി നിയമവിരുദ്ധമായി ഭരണഘടന ഭേദഗതി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന തടസ്സമായി വന്നാൽ ഭേദഗതി ചെയ്യണമെന്ന് നെഹ്റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിട്ടുണ്ട്. നെഹ്‌റുവിനെ അന്നത്തെ രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് എതിർത്തു. 60 വർഷത്തിനിടെ കോൺഗ്രസ് ഭരണഘടനയെ 75 പ്രാവശ്യം ഭേദഗതി ചെയ്തു. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി നെഹ്റു ഭരണഘടനയെ അട്ടിമറിച്ചു. ആദ്യം നെഹ്റു പാപം ചെയ്തു. ഇന്ദിര അത് തുടർന്നു. അടിയന്തരാവസ്ഥാ കാലത്ത് ആയിരക്കണക്കിന് ജനങ്ങളെ ജയിലിൽ അടച്ചു. ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഇല്ലാതാക്കി. സ്വന്തം പദവി സംരക്ഷിക്കാനാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ നടപ്പിലാക്കിയത്. അടിയന്തരാവസ്ഥാ കാലത്ത് കോൺഗ്രസ് മാധ്യമങ്ങളുടെ വായ മൂടി കെട്ടി. ഇന്ദിരക്കെതിരെ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഖന്നയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജീവ്‌ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചു. വോട്ട് ബാങ്കിന് വേണ്ടി രാജീവ് ഗാന്ധി സുപ്രീംകോടതി നിർദേശം അട്ടിമറിച്ചുവെന്നായിരുന്നു മോദിയുടെ പരാമർശം. ഷാ ബാനു കേസും പ്രധാനമന്ത്രി പരാമർശിച്ചു. സർക്കാരിനേക്കാൾ പ്രധാനം പാർട്ടിക്കാണെന്ന് പറഞ്ഞ വ്യക്തിയാണ് മൻമോഹൻ സിം​ഗ്. ചരിത്രത്തിൽ ആദ്യമായി സർക്കാർ പാർട്ടിക്ക് വഴങ്ങി. കോ‍​ൺ​ഗ്രസ് പ്രധാനമന്ത്രിക്കും മുകളിൽ ഒരു അധികാര കേന്ദ്രത്തെ സൃഷ്ടിച്ചുവെന്നും മോദി പറഞ്ഞു.

രാഹുൽ ​ഗാന്ധിക്കെതിരെ പരോക്ഷ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. അഹങ്കാരിയായ ഒരാൾ മന്ത്രിസഭയുടെ തീരുമാനം കീറിയെറിഞ്ഞു എന്നായിരുന്നു മോദിയുടെ പരോക്ഷ വിമർശനം. എൻഡിഎ അധികാരത്തിലെത്തിയ ശേഷമാണ് അംബേദ്കറിന് ആദരവ് ലഭിച്ചത്. നെഹ്റു മുതൽ രാജീവ് ​ഗാന്ധി വരെ കോൺ​ഗ്രസിന്റെ സംവരണത്തിന് എതിരായിരുന്നു. ഒബിസി വിഭാഗക്കാർക്ക് പ്രത്യേക സംവരണം നൽകുന്നത് കോൺഗ്രസ് എതിർത്തു. കോൺഗ്രസ് ആവശ്യപ്പെട്ടത് മതത്തിന് അടിസ്ഥാനമുള്ള സംവരണമായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ ഇതിനെ തുടർന്ന് ദുരിതത്തിലായെന്നും മോദി പറഞ്ഞു.

ഏക സിവിൽ കോഡ‍് വേണമെന്നത് ഭരണഘടനയുടെ ശില്പികൾ പോലും ആ​ഗ്രഹിച്ചതാണ്. എന്നാൽ കോൺഗ്രസ് ഏകീകൃത സിവിൽ കോഡിന് എതിരാണ്. സുപ്രീം കോടതിയും ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് നിർദേശിച്ചു. സ്വന്തം പാർട്ടിയുടെ ഭരണഘടന മാനിക്കാത്ത ഇവർ, എങ്ങനെ രാജ്യത്തിന്റെ ഭരണഘടനയെ ബഹുമാനിക്കുമെന്നും മോദി ചോദിച്ചു.

സർദാർ വല്ലഭായി പട്ടേൽ ആദ്യ പ്രധാനമന്ത്രിയായി എത്തണമെന്ന് വിവിധ കോൺഗ്രസ് പിസിസികൾ ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരു കുടുംബത്തിന് വേണ്ടി സർദാർ വല്ലഭായി പട്ടേലിനെ കോൺഗ്രസ്‌ അംഗീകരിച്ചില്ല. നെഹ്റു പ്രധാനമന്ത്രിയായത് പാർട്ടി ഭരണഘടന അട്ടിമറിച്ചാണ്. സീതാറാം കേസരിയെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ഗാന്ധി കുടുംബത്തിന് വേണ്ടി പുറത്താക്കുകയായിരുന്നു. ഞങ്ങളും ഭരണഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ആ മാറ്റം പാവങ്ങൾക്കും സ്ത്രീകൾക്കും വേണ്ടിയായിരുന്നു. കോൺഗ്രസ് പക്ഷേ ഭരണഘടന ഭേദഗതി നടത്തിയത് ഒരേയൊരു കുടുംബത്തിന് വേണ്ടിയാണ്.

ദാരിദ്ര്യത്തിൽ ജീവിച്ചുള്ള പരിചയം കോൺ​ഗ്രസിനില്ല, എൻഡിഎ സർക്കാർ കൊണ്ടുവന്ന സ്വച്ഛ് ഭാരത് മിഷൻ, ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികൾ ദാരിദ്രം ഇല്ലാതാക്കാനും രാജ്യത്തെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് സാധാരണക്കാർക്ക് പോലും ബാങ്ക് അക്കൗണ്ടുകൾ സ്വന്തമാക്കാനായി. ബാങ്കിന്റെ പടി പോലും കണ്ടിട്ടില്ലാത്ത പൗരന്മാർ ഇന്ന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവരായി മാറിയെന്നും മോദി പറഞ്ഞു. രാജ്യത്ത് 80ശതമാനത്തോളം പേർക്കാണ് ശുചിയായ കുടിവെള്ളം ഇല്ലാതിരുന്നത്. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ശുചിത്വമുള്ള കുടിവെള്ളം വിതരണം സാധാരണക്കാരായ പൗരന്മാർക്ക് ലഭിച്ച് തുടങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *