സ്റ്റുഡന്‍റ് പൊലീസ് പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കും പൊലീസുകാർക്കും രണ്ട് വർഷമായി പ്രതിഫലമില്ലാത്ത സംഭവത്തിൽ സർക്കാർ ഇടപെടൽ. മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.എസ്.പി.സി സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതി തന്നെയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിലുണ്ടായ സാമ്പത്തിക പ്രതിസന്ധി എസ്.പി.സിയെയും ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം പല വകുപ്പുകളിലെയും ഫണ്ട് വെട്ടിക്കുറച്ചു. 35 കോടി രൂപ പല ഘട്ടങ്ങളിലായി കൊടുത്തിട്ടുണ്ട്. ഇത്തവണ സമയത്തിന് കൊടുക്കാനായില്ല. 15 കോടി രൂപ ധനവകുപ്പ് വൈകാതെ അനുവദിക്കും. അധ്യാപകർക്കുണ്ടായ ബാധ്യത ഉള്‍പ്പെടെ വൈകാതെ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.വിദ്യാഭ്യാസ – ആഭ്യന്തര – തദ്ദേശ വകുപ്പുകളുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. സാമ്പത്തിക പ്രശ്നം മൂലമുള്ള കാലതാമസമല്ലാതെ പദ്ധതിയോട് അവഗണനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സി എസ് ആർ ഫണ്ട് ഉപയോഗിച്ച് പദ്ധതി തുടർവർഷങ്ങളിൽ നല്ല രീതിയിൽ നടത്താനുള്ള ശ്രമം തുടരുമെന്നും മന്ത്രി അറിയിച്ചു.