സിനിമാനടിമാർ വാങ്ങുമെന്ന് പറഞ്ഞ് 510 ഗ്രാം എംഡിഎംഎ എത്തിച്ചു; യുവാവ് പിടിയിൽ

0

മലപ്പുറം വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്. വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്ന് പാല്‍പ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തി. തുടര്‍ന്ന് ഹബീബിന് കൈമാറി. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്തു. ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എം ഡി എം എ കൈപ്പറ്റാന്‍ രണ്ട് സിനിമ നടിമാര്‍ എറണാകുളത്തുനിന്ന് എത്തുമെന്നും അതവര്‍ക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ആരാണ് വരുന്നതെന്നോ നടിമാര്‍ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് പോലീസ് നിഗമനം. ലഹരി മരുന്ന് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ന്യൂയര്‍ പാര്‍ട്ടി ലക്ഷ്യം വെച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വില്‍പ്പന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം പൊലീസ് ആരംഭിച്ചുകഴിഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *