സ്കൂൾ വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട് സ്കൂൾ വിദ്യാർഥികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർഥിനിക്കു ഗുരുതരമായി പരിക്കേറ്റു. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ് അപകടത്തിൽപെട്ടത്. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് അപകടമുണ്ടായത്.
വൈകുന്നേരം നാലോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. കുട്ടികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.