തദ്ദേശ വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി, ഉത്തരവ് ​ഹൈക്കോടതി റദ്ദാക്കി

0

തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജന നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.സര്‍ക്കാരിന്റെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

പാനൂര്‍, മുക്കം, കൊടുവള്ളി, പയ്യോളി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ഫറോക്, പട്ടാമ്പി നഗരസഭകളിലെ വാര്‍ഡ് പുനര്‍ വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്. പടന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും നിയമ വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഗരസഭകളിലെ മുസ്ലീം ലീഗ് ജനപ്രതിനിധികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി.

2015 ല്‍ തന്നെ പഞ്ചായത്തുകളുടെ എണ്ണം കൂടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും അത് എങ്ങുമെത്തിയിരുന്നില്ല. അതിനിടെയാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് അധികമാക്കുക എന്ന നിലയിലുള്ള വാര്‍ഡ് വിഭജനരീതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. ഇത് അന്തിമഘട്ടത്തില്‍ എത്താനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *