സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറയുന്നത്.
യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും. കെഎസ്ഇബി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നത്.
ജനുവരി മുതല്‍ മെയ് മാസം വരെ വൈദ്യുതി ഉപയോഗം കൂടുന്നത് കണക്കിലെടുത്ത് സമ്മര്‍ താരിഫെന്ന പേരില്‍ അധികമായി പത്തുപൈസ വീതം യൂണിറ്റിന് കൂട്ടണം എന്നുകൂടി കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തത്ക്കാലം സമ്മര്‍ താരിഫ് ചുമത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. റെഗുലേറ്ററി കമ്മിഷന്‍ യോഗങ്ങള്‍ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.