കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

കണ്ണൂർ സർവകലാശാലയുടെ 2025- 2026  വർഷത്തെ ബജറ്റ്

ജേർണലിസം  പഠന വകുപ്പിൽ സ്റ്റുഡിയോ നിർമാണം, പെൺകുട്ടികൾക്ക് ആയോധനകല  പരിശീലനം, ലബോറട്ടറികളുടെയും ക്ലാസ്സ്മുറികളുടെ ആധുനികവത്കരണം, കൂടുതൽ ഗവേഷണ പദ്ധതികൾ  എന്നിവക്ക് ഊന്നൽ നൽകുന്ന  കണ്ണൂർ സർവകലാശാലയുടെ 2025-2026  വർഷത്തെ ബജറ്റ്  ഇന്ന് നടന്ന സിണ്ടിക്കേറ്റ് യോഗത്തിൽ ഫിനാൻസ് സ്റ്റാൻ്റിംഗ് കമ്മറ്റി കൺവീനർ ഡോ.സജിത പി.കെ. അവതരിപ്പിച്ചു. വിവിധ ഇനങ്ങളിലായി  354.95 കോടി രൂപ വരവും  342.14 കോടി രൂപ ചെലവും 12.81 കോടി രൂപ നീക്കിയിരുപ്പുമാണ്  ബജറ്റ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സർക്കാരിൽ നിന്നും പദ്ധതിയിനത്തിൽ 37.75 കോടി രൂപയും പദ്ധതിയേതര ഇനത്തിൽ 90 കോടി രൂപയും പ്രതീക്ഷിക്കുന്ന ബജറ്റിൽ സർവകലാശാലയുടെ തനതു വരുമാനമായി പ്രതീക്ഷിക്കുന്നത് 71.27 കോടി രൂപയാണ്. പദ്ധതിയേതര ഇനത്തിൽ  പ്രതീക്ഷിക്കുന്ന 11.88 കോടി രൂപയുടെ അധിക ചെലവ് 2024-25 വർഷത്തെ പ്രതീക്ഷിത നീക്കിയിരിപ്പിൽനിന്നും വിനിയോഗിക്കുന്നതാണ്. ഇത് കൂടാതെ പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ (PM-USHA) പദ്ധതിയിൽ സർവകലാശാലക്ക് അനുവദിച്ച 100 കോടി രൂപയിൽ 2025-26 വർഷത്തിൽ  30 കോടി രൂപയും, കിഫ്ബിയിൽ (KIIFB) നിന്നും 53.05 കോടി രൂപയും സർവകലാശാല പ്രതീക്ഷിക്കുന്നു.

ബജറ്റിലെ പ്രധാന പദ്ധതികൾ/ നിർദേശങ്ങൾ 

  • മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ജേർണലിസം പഠന വകുപ്പിൽ സ്റ്റുഡിയോ നിർമാണം പൂർത്തീകരിക്കുന്നതിനായി  ഒരു കോടി  രൂപ.

  • ഓൺലൈൻ ടെസ്റ്റ് സെൻ്റർ സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപ

  • സർവ്വകലാശാല വിവിധ കോഴ്സുകളുടെയും പ്രോഗ്രാമുകളുടെയും അഡ്മിഷൻ അനുബന്ധ സേവനങ്ങൾ കേന്ദ്രീകൃതമായി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി  അഡ്മിഷൻ ഡയറക്ടറേറ്റ് സംവിധാനം ആരംഭിക്കുന്നു.

  • സർവ്വകലാശാല പഠനവകുപ്പുകളിലെ ക്ലാസ്സ് മുറികളുടെയും ലാബുകളുടെയും ഉപകരണങ്ങളുടെയും ആധുനികവത്കരണത്തിനും നവീകരണത്തിനുമായി പ്രത്യേക  ഫണ്ട്.

  • കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ ഉപരിപഠനത്തിനായി  കണ്ണൂർ സർവ്വകലാശാലയിലേക്ക് ആകർഷിക്കുന്നതിന്  ആവശ്യമായ  സൗകര്യം ഒരുക്കി, വിദ്യാഭ്യാസത്തിനൊപ്പം തൊഴിലും ഇൻറേൺഷിപ്പും നൽകുന്നതിന് ഫണ്ട്.

  • പാർട്ട് ടൈം ജോലി ചെയ്തുവരുന്ന യുവാക്കൾക്കും മുതിർന്നവർക്കും കൂടുതൽ പഠന സൗകര്യം ഒരുക്കുന്നതിനായി സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ്  വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളും, സായാഹ്ന കോഴ്സുകളും, സർട്ടിഫിക്കറ്റ് കോഴ്സുകളും, നൈപുണി  വികസന കോഴ്സുകളും ആരംഭിക്കും.

  • സർവകലാശാല സെൻട്രൽ ലൈബ്രറിയിൽ ഡിജിറ്റൽ റിസോഴ്സുകൾ കൂടുതൽ ലഭ്യമാക്കുന്നതിനും കൂടുതൽ പുസ്തകങ്ങൾ വാങ്ങുന്നതിനും ആവശ്യമായ തുക ബഡ്ജറ്റിൽ വകയിരുത്തി.

  • പൂർത്തീകരിക്കാത്ത വിവിധ നിർമാണ പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷം സർവകലാശാലയുടെ തനത് ഫണ്ടും കൂടി പ്രയോജനപ്പെടുത്തി പൂർത്തീകരിക്കും.

  • സ്വയംസംരംഭകത്വം വികസിപ്പിക്കുന്നതിനായി  ഇന്നൊവേറ്റീവ് ആൻഡ്‌ എന്റർപ്രണർഷിപ് സംരംഭങ്ങൾ, അക്കാഡമിക്/ സ്റ്റുഡൻറ് സപ്പോർട്ട് സ്കീമുകൾ എന്നിവക്ക് പ്രത്യേകമായി തുക.

  • വിദ്യാർത്ഥികളുടെ സാമൂഹ്യ, സാമ്പത്തിക, സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സ്റ്റുഡൻറ് ഹാർഡ്ഷിപ് സ്‌കീം നടപ്പിലാക്കും.

  • വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സർവ്വകലാശാല കരിയർ ഡവലപ്മെന്റ് സെന്റർ, ബിസിനസ്സ് ഇൻകുബേഷൻ സെൻറർ എന്നിവയുടെ നേതൃത്വത്തിൽ പ്ലേസ്മെന്റ്/ തൊഴിൽ മേളകൾ സംഘടിപ്പിക്കും.

  • നിലവിലുള്ള പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക്  പുറമെ ഈ വർഷം കൂടുതൽ പ്രോഗ്രാമുകൾ  ആരംഭിക്കും.

  • പുതുതായി നിയമിതരായ അധ്യാപകർക്ക് കൂടുതൽ ഗവേഷണങ്ങൾ  നടത്തുന്നതിനായി ‘സീഡ് മണി’  ഇനത്തിൽ തുക അനുവദിച്ചു.  സർവകലാശാല അധ്യാപകരുടെ ഗവേഷണ ആഭിമുഖ്യം വർധിപ്പിക്കുന്നതിനും അവർ പ്രാവിണ്യം നേടിയ മേഖലയിൽ തുടർ ഗവേഷണം നടത്തുന്നതിനും ഇത് വഴിയൊരുക്കും.

  • സർവ്വകലാശാല പഠന വകുപ്പിന് കീഴിലുള്ള വിദ്യാർത്ഥികൾക്ക് നിലവിലുള്ള ഗവേഷണ ഫെലോഷിപ്പ് ഇരട്ടിയായി വർദ്ധിപ്പിച്ചു. ഗവേഷണ കാലയളവിൽ ഓരോരുത്തർക്കും 7,20,000/- രൂപ വീതം വകകൊള്ളിക്കുകയും, മറ്റു ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പിനായി  കൂടുതൽ തുക വകകൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.

  • സ്കോപ്പസ്/ വെബ് ഓഫ് സയൻസ് എന്നിവയിൽ  നടപ്പ് സാമ്പത്തിക വർഷം ചുരുങ്ങിയത് 400 പേപ്പറുകളെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് ഗവേഷകർക്ക് അവസരം ഒരുക്കുന്നതാണ്.

  • അക്കാദമിക-അക്കാദമികേതര ഗവേഷണ പ്രവർത്തനങ്ങൾ അതിന്റെ ഗുണഭോക്താക്കൾക്ക് ദൃശ്യ മാധ്യമ രൂപത്തിൽ എത്തിച്ചു നൽകുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കും.

  • സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കണ്ണൂരിൽ സ്ഥാപിക്കുന്ന സയൻസ് പാർക്കുമായി ചേർന്ന് ഗവേഷണ പ്രവർത്തനങ്ങൾ ഉർജിതമാക്കും.

  • ഹരിത ഊർജം, മാലിന്യ സംസ്കരണം, മഴവെള്ള സംഭരണം, അക്വിഫർ റീചാർജ് എന്നീ പദ്ധതികളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക ഫണ്ട്. കൂടാതെ ഊർജ്ജ സംരക്ഷണം, ബദൽ ഊർജ്ജ വിഭവങ്ങൾ എന്നിവക്കായി പദ്ധതികൾ.

  • ജെൻഡർ സപ്പോർട്ട്, ഇക്വിറ്റി എന്നിവയ്ക്കായി പ്രത്യേക പരിപാടികൾ ഉൾപ്പെടുത്തുകയും തുക വകകൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. കൗൺസിലിംഗ് സെൻ്ററുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ഫിറ്റ്നസ് സെൻ്ററുകൾ, പെൺകുട്ടികൾക്കായി ആയോധനകല പരിശീലനം, സാഹസിക പരിശീലനം എന്നിവക്കായി തുക വകയിരുത്തിയിരിക്കുന്നു.

  • ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള കരുതൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള സഹായം എന്നിവയ്ക്ക് പ്രതേകം തുക വകകൊള്ളിച്ചിട്ടുണ്ട്.

  • ഈവർഷം മൂന്നാം പാദ NAAC അക്രഡിറ്റേഷനിലക്ക് നീങ്ങുന്ന സർവകലാശാലക്ക് ഇതിനായുള്ള പ്രവർത്തനങ്ങൾക്കായി   25 ലക്ഷം രൂപ വകയിരുത്തി.

  • വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നിന്നും സർവ്വകലാശാലയിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ.

ഇന്ന് നടന്ന സിണ്ടിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ 

വ്യവസായം അടക്കമുള്ള വിവിധ മേഖലകളിലെ വിദഗ്ധരുടെ കഴിവുകൾ  അക്കാദമിക് സ്ഥാപനങ്ങളിലേക്ക് കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ യു.ജി.സി. അവതരിപ്പിച്ച, “പ്രൊഫസർ ഓഫ് പ്രാക്ടീസ്” കണ്ണൂർ സർവകലാശാലയിലും നടപ്പാക്കാൻ തീരുമാനിച്ചു. മാതൃകാപരമായ പ്രൊഫഷണൽ പ്രാക്ടീസ് ഉള്ള വിദഗ്ധരെ  അവർക്ക്  സർവകലാശാലകളിൽ അധ്യാപകരാകുന്നതിന് ആവശ്യമായ ഔപചാരിക അക്കാദമിക് യോഗ്യത, പ്രസിദ്ധീകരണങ്ങളുടെ ആവശ്യകത, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയിൽനിന്നും  ഒഴിവാക്കും.

ബി.എസ്.സി. ഫുഡ് ടെക്നോളജി, ബി.എസ്.സി. ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് എന്നീ പ്രോഗ്രാമുകൾക്ക് പഠന ബോർഡുകൾ രൂപീകരിക്കും.

അപകടങ്ങളിൽപെട്ട് പരീക്ഷ എഴുതാൻ പറ്റാതാവുന്ന വിദ്യാർത്ഥികൾക്ക് സഹായികളെ (Scribe) അനുവദിക്കുന്നതിനായി ചട്ടങ്ങൾ തയ്യാറാക്കും.

കണ്ണൂർ സർവകലാശാലയും കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലും തമ്മിൽ ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചു.

വിവിധ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം, അധ്യാപക നിയമനം എന്നിവക്ക് അംഗീകാരം നൽകി.

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ രണ്ടാം  സെമസ്റ്റർ ഇന്റെഗ്രേറ്റഡ്‌ എം.പി.ഇ.എസ്‌ (സി.ബി.സി.എസ്.എസ്- റെഗുലർ), മെയ്  2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ജനുവരി  7 മുതൽ 9 വരെയും പിഴയോടുകൂടെ ജനുവരി 10  വരെയും അപേക്ഷിക്കാം.

About The Author

Leave a Reply

Your email address will not be published. Required fields are marked *