കണ്ണൂർ സർവ്വകലാശാല കായികമേള

കണ്ണൂർ സർവ്വകലാശാല 2024-25 അധ്യയന വർഷത്തെ കായികമേള ഡിസംബർ 7, 8 തീയതികളിൽ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ വച്ച് നടക്കുന്നതാണ്. സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ എ. അശോകന്റ്റെ അധ്യക്ഷതയില്‍ കായികമേളയുടെ ഉദ്ഘാടനം ഡിസംബർ 7 ന് രാവിലെ 9 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ പ്രൊഫസർ കെ. കെ. സാജു നിർവഹിക്കുന്നതാണ്. കണ്ണൂർ സർവ്വകലാശാല കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കായികമേളയിൽ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള 63 കോളേജുകളിൽ നിന്നുമുള്ള ആയിരത്തിൽ അധികം അത്‌ലറ്റുകൾ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പങ്കാളികളാവും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി വിപുലമായ സൗകര്യങ്ങൾ കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗം ഒരുക്കിയിട്ടുണ്ട്. മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഡോർ-ഔട്ട്ഡോർ സ്റ്റേഡിയങ്ങളും സിന്തറ്റിക് ട്രാക്കും ഇരുപത്തി ഒൻപതാമത് കായികമേളയുടെ നടത്തിപ്പിനായി സജ്ജമാക്കിയിട്ടുണ്ട്. സമാപന സമ്മേളനത്തിൽ സിൻഡിക്കേറ്റ് മെമ്പർ ശ്രീമതി എൻ. സുകന്യ അധ്യക്ഷത വഹിക്കും.

നാലാം സെമസ്റ്റർ കോളേജ് മാറ്റം പുനഃ പ്രവേശനം

സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് & സയൻസ് കോളേജുകളിൽ,  ബിരുദ   പ്രോഗ്രാമുകളുടെ 2024-25 അക്കാദമിക്  വർഷത്തെ നാലാം  സെമെസ്റ്ററിലേക്ക്  കോളേജ് മാറ്റം, പുനഃപ്രവേശനം, കോളേജ് മാറ്റത്തോടുകൂടിയുള്ള പുനഃപ്രവേശനം, ബിരുദാനന്തര ബിരുദ  പ്രോഗ്രാമുകളുടെ നാലാം സെമെസ്റ്ററിലേക്ക്  പുനഃ പ്രവേശനം, കോളേജ് മാറ്റത്തോടുകൂടിയുള്ള പുനഃപ്രവേശനം എന്നീ സേവനങ്ങൾക്കായി ലേറ്റ് ഫീസ് 550 രൂപ സഹിതം    വിദ്യാർത്ഥികൾക്കും, കോളേജ്തല നടപടികൾ പൂർത്തിയാക്കി അപേക്ഷകൾ സർവകലാശാലയിൽ സമർപ്പിക്കുന്നതിന് പ്രിൻസിപ്പാൾമാർക്കും, 2024 ഡിസംബർ 09, 10 എന്നീ തിയതികളിൽ സർവകലാശാല ഓൺലൈൻ പോർട്ടലിൽ സൗകര്യം ഒരുക്കുന്നതാണ്.  അപേക്ഷകൾ യഥാസമയം സമർപ്പിക്കാതിരുന്ന  വിദ്യാർത്ഥികളും വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷകൾ യഥാസമയം സർവകലാശാലയിലേക്ക് കൈമാറാതിരുന്ന കോളേജ് പ്രിൻസിപ്പൽമാരും പ്രസ്തുത അവസരം വിനിയോഗിക്കേണ്ടതാണ്.

പരീക്ഷാ വിജ്ഞാപനം

പാലയാട്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി. (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2024 പരീക്ഷകൾക്ക് 11.12.2024 മുതൽ 16.12.2024 വരെ പിഴയില്ലാതെയും 18.12.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഇന്റേണൽ  അസ്സെസ്സ്മെന്റ് ഇംപ്രൂവ്മെന്റ് പരീക്ഷ

2016 റെഗുലേഷൻ ബി.എ.എൽ.എൽ.ബി. വിദ്യാർത്ഥികളുടെ ഇന്റേണൽ അസ്സെസ്സ്മെന്റ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 10.12.2024 വരെ പിഴയില്ലാതെയും 12.12.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.