ദാമ്പത്യ പ്രശ്‌നങ്ങളില്‍ കുട്ടികളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ല: വനിതാ കമ്മീഷന്‍

0

ഭാര്യ-ഭര്‍ത്തൃ ബന്ധത്തിലെ പ്രശ്‌നങ്ങളില്‍ കുട്ടികളെ ബലിയാടാക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഭാര്യയുമായുള്ള ഭിന്നതയുടെ പേരില്‍ സ്വന്തം കുട്ടികളെ ശാരീരികമായും മനസികമായും തകര്‍ക്കുന്ന സമീപനം വര്‍ധിക്കുന്നു. രക്ഷകര്‍ത്താക്കളുടെ ഉത്തരവാദിത്വബോധത്തെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞു കൊടുക്കേണ്ട അവസ്ഥ മാറേണ്ടതാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. സാമ്പത്തിക-വസ്തു ഇടപാടുകളില്‍ സ്ത്രീകളെ മുന്‍നിര്‍ത്തി വിലപേശലുകള്‍ വര്‍ധിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമായ പ്രവണതയാണ്. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നതകളെ ഔചിത്യ ബോധത്തോടെ സമീപിക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കേണ്ടതുണ്ട്. സ്ത്രീകള്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്‌നം ജില്ലയില്‍ വര്‍ധിക്കുന്നതായാണ് പരാതികളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. വീടിനകത്തും പൊതുസമൂഹത്തിലും തന്റെ അവകാശങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താന്‍ സ്ത്രീകള്‍ കുറേക്കൂടി ശക്തരാകേണ്ടതുണ്ട്. ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം, വഴി തടസ്സം, സ്വര്‍ണ്ണം പണയംവെക്കാന്‍ വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്ത പരാതികള്‍, സാമ്പത്തിക ഇടപാട് തുടങ്ങിയ പരാതികളാണ് പ്രധാനമായും കമ്മീഷന്റെ മുമ്പില്‍ വന്നിട്ടുള്ളതെന്നും അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.

സിറ്റിങ്ങില്‍ പരിഗണിച്ച 77 പരാതികളില്‍ 15 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികള്‍ പൊലീസിന്റെ റിപ്പോര്‍ട്ടിനായി അയച്ചു. മൂന്നെണ്ണം ജില്ലാ നിയമ സഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനും മൂന്നെണ്ണം ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായും അയച്ചു. 50 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. സിറ്റിങ്ങില്‍ നാല് പുതിയ പരാതികള്‍ ലഭിച്ചു. അഭിഭാഷകരായ ചിത്തിര ശശിധരന്‍, പത്മജ പത്മനാഭന്‍, കൗണ്‍സലര്‍ അശ്വതി രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *