തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാർ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി സാന്നിധ്യം

0

തളിപ്പറമ്പ് പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും തളിപ്പറമ്പ് നഗരസഭ ആരോഗ്യവിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ പിടിച്ചെടുത്ത സ്വകാര്യ വിതരണക്കാർ നൽകുന്ന കുടിവെള്ളത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം. ഡിസംബർ 19ന് തളിപ്പറമ്പ് നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുമ്പോൾ പിടിച്ചെടുത്ത ‘ജാഫർ’ എന്ന കുടിവെള്ള വിതരണക്കാരുടെ വെള്ളം കേരള ജല അതോറിറ്റിയുടെ ലാബിൽ പരിശോധിച്ചതിലാണ് ഇ കോളി ബാക്റ്റീരിയ സാന്നിധ്യം കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

മനുഷ്യ മലത്തിലാണ് ഈ ബാക്റ്റീരിയ ഉണ്ടാകുന്നത്. കുടിക്കാനായി വിതരണം ചെയ്യുന്ന വെള്ളത്തിൽ യാതൊരു കാരണവശാലും ഈ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാവാൻ പാടില്ലാത്തതാണ്. ഈ കുടിവെള്ളം വിതരണം ചെയ്ത ‘ജാഫർ’ എന്ന കുടിവെള്ള വിതരണക്കാരന്റെ കുടിവെള്ള ടാങ്കറും ഗുഡ്സ് ഓട്ടോയും വ്യാഴാഴ്ച തന്നെ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം പിടിച്ചെടുത്തിരുന്നു.

നിലവിൽ കുറുമാത്തൂർ പഞ്ചായത്തിലെ 14ാം വാർഡിലെ ചവനപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു കിണറിൽ നിന്നാണ് ഇവർ കുടിവെള്ളത്തിനായി വെള്ളം എടുക്കുന്നതായി പറയപ്പെടുന്നത്. ആ കിണർ ആരോഗ്യവകുപ്പ് വിഭാഗം അധികൃതർ സന്ദർശിച്ച് കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി ക്ലോറിനേഷൻ നടത്താനും ആവശ്യപ്പെട്ടു. ഈ കിണർ വെള്ളത്തിന്റെ വാട്ടർ ക്വാളിറ്റി ടെസ്റ്റ് റിപ്പോർട്ട് കുടിവെള്ള വിതരണക്കാർ ഹാജരാക്കിയത് പ്രകാരം ഇത് ശുദ്ധതയുള്ളതാണ്. അതേസമയം, ഈ കുടിവെള്ള വിതരണക്കാർ തളിപ്പറമ്പ് നഗരത്തിൽ വിതരണം ചെയ്യുമ്പോൾ പിടിച്ചെടുത്ത കുടിവെള്ളത്തിൽ നിന്നും മനുഷ്യ മലത്തിന്റെ സാന്നിധ്യം കണ്ടെത്തി. ‘ജാഫർ’ എന്ന കുടിവെള്ള വിതരണക്കാർ ആരോഗ്യ വകുപ്പ് വിഭാഗം നിർദ്ദേശിച്ച പ്രകാരമുള്ള കൃത്യമായ ക്ലോറിനേഷൻ നടപടികളോ ശുദ്ധീകരണ പ്രവൃത്തികളോ ചെയ്യുന്നില്ലെന്ന് ഇതിൽനിന്ന് വ്യക്തമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുറുമാത്തൂറിലെ കിണർ വെള്ളത്തിന്റെ വാട്ടർ ക്വാളിറ്റി ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കിയത് കൃത്രിമമായി ഉണ്ടാക്കിയത് ആയിരിക്കാമെന്ന് സംശയിക്കുന്നു. അല്ലെങ്കിൽ മറ്റേതെങ്കിലും വെള്ളമോ അല്ലെങ്കിൽ വളരെ ഉയർന്ന തോതിൽ ക്ലോറിനേഷൻ നടത്തിയത് ശേഷം ശേഖരിച്ച വെള്ളമോ ആയിരിക്കാം പരിശോധിച്ചിട്ടുണ്ടാവുക.തളിപ്പറമ്പ് നഗരത്തിൽ വിതരണം ചെയ്യാനായിട്ട് ഉപയോഗിക്കുന്നത് ഈ കിണറിലെ വെള്ളമല്ല മറ്റേതെങ്കിലും മലം കലർന്ന വെള്ളമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.


തളിപ്പറമ്പ് നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടു കടകളിലും നിലവിൽ കുടിവെള്ളം എത്തിക്കുന്നത് ജാഫർ എന്ന കുടിവെള്ള വിതരണക്കാർ ആണ്. എന്നാൽ ഈ സ്ഥാപനങ്ങൾക്ക് എല്ലാം വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ഉണ്ട്. എന്നാൽ വാട്ടർ അതോറിറ്റി രേഖകൾ പ്രകാരം ഇവരുടെ പ്രതിമാസ ബില്ല് 500 രൂപയിൽ താഴെ മാത്രമേ ആകുന്നുള്ളൂ. എല്ലാ ദിവസവും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ആണു ഉപയോഗിക്കുന്നതെങ്കിൽ ബിൽ ഇത്രയും ആയാൽ മതിയാവില്ല. ആയതിനാൽ അവർ ദൈനംദിന ആവശ്യങ്ങൾക്ക് ഈ കുടിവെള്ളം ഉപയോഗിക്കുന്നില്ലെന്നും പകരം നഗരസഭയിൽ നിന്നും ലൈസൻസ് കരസ്ഥമാക്കുന്നതിന് വേണ്ടി മാത്രമാണ് ഈ കണക്ഷൻ എടുത്തിട്ടുള്ളത് എന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി.

‘ജാഫർ’ കുടിവെള്ളം പോലെ സ്വകാര്യ കുടിവെള്ള ഏജൻസി വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളിൽ ഈ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് അസുഖം പിടിക്കുകയും അതുപോലെതന്നെ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് അസുഖം പിടിപെടാതിരിക്കുകയും ചെയ്യുന്നതായി തെളിഞ്ഞു. ഒരു ഹോട്ടലിൽ പോയി പല ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് എന്തുകൊണ്ട് അസുഖം പിടിപെടുന്നില്ല എന്ന കാര്യത്തിന് ഇതോടു കൂടി ഉത്തരമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഏഴാംമൈലിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അവരുടെ കിണർ വെള്ളം ലഭ്യമല്ലാത്ത വേളയിൽ ‘ജാഫർ’ കുടിവെള്ള വിതരണക്കാർ കുറച്ചുനാൾ കുടിവെള്ളം വിതരണം ചെയ്യുകയും അതിനുശേഷം കൃത്യം ഒരു മാസത്തിനുശേഷം സ്‌കൂളിലെ എല്ലാവർക്കും മഞ്ഞപ്പിത്തം പിടിപെടുകയും ചെയ്തിരുന്നു. ഇതിന് കാരണം ഇവിടെയും മലം കലർന്ന വെള്ളമാണ് ഇവർ വിതരണം ചെയ്തത് എന്നതും വ്യക്തമാകുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പീയുഷ് എം നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം നടത്തിയ ഈ പരിശോധനയിലും അന്വേഷണത്തിലും ഡെപ്യൂട്ടി ഡിഎംഒ ഡോ സച്ചിൻ കെ സി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ അഷ്റഫ്, ആരോഗ്യ വകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരായ ബിജു, സജീവൻ, പവിത്രൻ, ആര്യ എന്നിവരും മുനിസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ആരോഗ്യ വിഭാഗം അധികൃതരും പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *