ജില്ലയിലെ ആദ്യത്തെ ഹരിത ബാങ്കായി ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക്

0

ജില്ലയിലെ ആദ്യത്തെ ഹരിത ബാങ്കായി ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത സ്ഥാപന പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കില്‍ അവർ നിര്‍വഹിച്ചു. ചെറുതാഴം ഗ്രാമ പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും വ്യാപാര യൂനിറ്റുകളും പരിസരവും ശുചീകരിച്ച് പൂച്ചട്ടികളും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ജൈവ അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ സ്ഥാപിക്കുകയും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പിലാത്തറ അഗ്രി മാര്‍ട്ടില്‍ ഒമ്പത് ലക്ഷം രൂപ ചിലവഴിച്ച് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. നരീക്കാംവള്ളി സ്റ്റോക്പോയന്റിലും പിലാത്തറ ഹെഡ് ഓഫീസിലും ഇന്‍സിനേറ്റര്‍ സ്ഥാപിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ34 ഹരിത കര്‍മ്മ സേനാംഗങ്ങളെ പരിപാടിയില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ അധ്യക്ഷനായി. നവകേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.കെ സൈബുന്നിസ ബാങ്കിന്റെ കലണ്ടര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി രവീന്ദ്രന്‍, പഞ്ചായത്ത് അംഗം ടി.വി കുഞ്ഞിക്കണ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി ഉമേഷ്, ബാങ്ക് പ്രസിഡന്റ് അഡ്വ. കെ പ്രമോദ്, സെക്രട്ടറി ഇ.പി അനില്‍, എം അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *