പള്ളിക്കുന്ന് ഗവ. വനിതാ കോളേജിൽ ഗ്രൗണ്ട് ആധുനികവത്കരണം, ഹോസ്റ്റൽ, സ്വിമ്മിംഗ് പൂൾ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാനമൊട്ടുക്കും അടുത്തമാസം കോളേജ് ലീഗുകൾക്ക് തുടക്കമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ ഗ്രൗണ്ട് ആധുനികവത്കരണം, കായിക വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ നിർമ്മാണം, സ്വിമ്മിംഗ് പൂൾ നിർമ്മാണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന കായിക വകുപ്പ് അഞ്ച് കോടി രൂപ ചെലവഴിച്ചാണ് കോളേജിൽ ആധുനികവത്കരണം നടത്തുന്നത്.
രാജ്യത്ത് ആദ്യമായി കോളേജ് ലീഗുകൾ ആരംഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി പറഞ്ഞു. കോളേജുകൾ കായിക വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളായതുകൊണ്ടാണ് കായിക വകുപ്പ് അഞ്ച് ഇനങ്ങളിലായി കോളേജ് ലീഗുകൾ ആരംഭിക്കുന്നത്. പുതിയ പ്രതിഭകളെ കണ്ടെത്താനും കൂടുതൽ അവസരങ്ങൾ നൽകാനും പ്രതിഭകൾക്ക് സ്വന്തമായി പോക്കറ്റ് മണി കണ്ടെത്താനും കോളേജ് ലീഗുകളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വനിതകൾക്ക് പ്രാധാന്യം നൽകുന്ന പിങ്ക് സ്പോർട്സ് എന്ന ആശയം സർക്കാരിനുണ്ട്. കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജിൽ പ്രവൃത്തി ആരംഭിക്കുന്ന കളിക്കളത്തിന് പിങ്ക് സ്റ്റേഡിയം എന്ന പേര് നൽകണമെന്ന് മന്ത്രി നിർദേശിച്ചു.
എല്ലാ കോളേജുകളിലും സ്പോർട്സ് കൗൺസിലുകൾ ആരംഭിക്കും. ഇതിന് നടപടികൾ തുടങ്ങിക്കഴിഞ്ഞു. കാലിക്കറ്റ് സർവകലാശാലയുമായി ചേർന്ന് കേരള സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും. സർവകലാശാലയുടെ നേതൃത്വത്തിൽ അഞ്ച് പുതിയ കോഴ്സുകൾ ആരംഭിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഡിമാൻഡുള്ള സ്പോർട്സ് എൻജിനീയറിങ്, സ്പോർട്സ് സയൻസ്, സ്പോർട്സ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള കോഴ്സുകൾ സംസ്ഥാനത്തും ലഭ്യമാകും.
കായികമേഖലയിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് രാജ്യത്ത് ആദ്യമായി സ്പോർട്സ് ഇക്കോണമി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. വരാൻ പോകുന്ന കാലങ്ങളിൽ ജിഡിപിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ഒന്നായി ഇത് മാറും. കായിക മേഖലയിൽ താരങ്ങൾക്ക് മൂല്യം കൂട്ടാൻ കായിക ഇക്കണോമിക്ക് സാധിക്കും.
രാജ്യത്ത് ആദ്യമായി കായിക നയം നടപ്പിലാക്കുന്ന സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തിന്റെ കായിക നയം മാതൃകയിൽ കേന്ദ്ര സർക്കാർ ഇപ്പോൾ രാജ്യത്തിനുവേണ്ടി കായിക നയം ഇറക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കായിക താരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ സംസ്ഥാനത്ത് പൂർത്തീകരിച്ചു കഴിഞ്ഞു. ഇതും ഇന്ത്യയിൽ ആദ്യമായി കേരളമാണ് നടപ്പിലാക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ ഇ-സർട്ടിഫിക്കറ്റ് വരുന്നതോടുകൂടി ഇല്ലാതാകും. കോളേജ് തലത്തിൽ സ്പോർട്സ് നിർബന്ധ വിഷയമാക്കണമെന്നുള്ള ഒരു പ്രൊപ്പോസൽ കായിക വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പും പ്രൈമറി തലങ്ങളിൽ തന്നെ വിദ്യാലയങ്ങളിൽ സ്പോർട്സ് ഒരു വിഷയമായി എടുത്ത് പാഠപുസ്തകങ്ങളുടെ അച്ചടി നടത്തികൊണ്ടിരിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കായിക മേഖലയിൽ വലിയ തോതിലുള്ള നിക്ഷേപമാണ് വന്നു കൊണ്ടിരിക്കുന്നത്. സർക്കാർ-സ്വകാര്യ മേഖലയിൽ 24,000 കോടി രൂപ കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വന്നു കഴിഞ്ഞു. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് 225 കോടി രൂപയുടെ പദ്ധതികളാണ് കണ്ണൂർ ജില്ലയിൽ മാത്രമായി നടപ്പാക്കുന്നത്. 60 കോടി രൂപ ചെലവിൽ കണ്ണൂരിലെ ഏറ്റവും വലിയ സ്റ്റേഡിയം തളിപ്പറമ്പിൽ വരാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷനായിരുന്നു. മന്ത്രിയുടെ അഭ്യർഥന പ്രകാരം കോളേജിൽ ഇ-സ്പോർട്സ് യൂനിറ്റ് ആരംഭിക്കാൻ 25 ലക്ഷം രൂപ അനുവദിക്കുന്നതായി കെ.വി സുമേഷ് എംഎൽഎ അറിയിച്ചു.
സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര, കോർപ്പറേഷൻ കൗൺസിലർമാരായ കൂക്കിരി രാജേഷ്, വി.കെ ഷൈജു, എ കുഞ്ഞമ്പു, ടി രവീന്ദ്രൻ, കായിക യുവജനകാര്യ ഡയറക്ടർ പി വിഷ്ണുരാജ്, കെ എം എം ഗവ വനിത കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ടി ചന്ദ്രമോഹനൻ, വൈസ് പ്രിൻസിപ്പൽ സി.പി സന്തോഷ്, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആര്യ രാജീവൻ, ഗവ. വനിതാ കോളേജ് യൂനിയൻ ചെയർപേഴ്സൺ ടി.കെ ഷാനിബ, പിടിഎ വൈസ് പ്രസിഡന്റ് കെ പ്രവീൺ, ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫ. ശ്യാംനാഥ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.സി രഞ്ജിത്ത്, ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.