മട്ടന്നൂരിൽ ഹജ്ജ് ഹൗസ് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുക ലക്ഷ്യം: മന്ത്രി വി അബ്ദുറഹ്മാൻ
സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസ് മട്ടന്നൂരിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്യുന്നതെന്ന് കായികം, വഖഫ്, ഹജ്ജ് തീർഥാടനം, ന്യൂനപക്ഷ ക്ഷേമം വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. മട്ടന്നൂരിൽ കിൻഫ്രയുടെ ഭൂമിയിൽ ഹജ്ജ് ഹൗസ് നിർമിക്കാനാണ് തീരുമാനം. ഹജ്ജ് ഹൗസിനായി കണ്ടത്തിയ ഭൂമി സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭൂമി കൈമാറ്റത്തിനായി വ്യവസായ മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
ധാരാളം തീർഥാടകർ കണ്ണൂരിൽനിന്ന് ഹജ്ജിന് പോവുന്നുണ്ട്. ഇത്തവണ നാലായിരത്തിലധികം പേർ കണ്ണൂരിൽനിന്ന് ഹജ്ജിന് പോവുന്നു. അവർക്ക് ഏറ്റവും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഉംറ തീർഥാടകർക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ഹജ്ജ് ഹൗസ് വിഭാവനം ചെയ്യുന്നത്. ഹജ്ജ്, ഉംറ അല്ലാത്ത മറ്റ് സമയങ്ങളിൽ പരിപാടികൾക്ക് വാടകയ്ക്ക് കൊടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കെ കെ ശൈലജ ടീച്ചർ എംഎൽഎ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മെമ്പർമാരായ മുഹമ്മദ്ദ് റാഫി, ഷംസുദ്ദീൻ നീലേശ്വരം, അഡ്വ. മൊയ്തീൻകുട്ടി, ഒ വി ജാഫർ, പി ടി അക്ബർ, അസി സെക്രട്ടറി കെ ജാഫർ, ഹജ്ജ് ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ നിസാർ അതിരകം, തലശ്ശേരി തഹസിൽദാർ എം വിജേഷ് എന്നിവർ പങ്കെടുത്തു.