മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ പങ്കു ചേരണമെന്ന് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. പാനൂർ നഗരസഭയിലെ കരിയാട് സോണലിലെ മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.
സർക്കാർ ആശുപത്രികളിൽ കാതലായ മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കിയത്. ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളെ സമീപീക്കുന്ന രീതിയിൽ ജനങ്ങളെ മാറ്റിയെടുത്തു. സർക്കാർ വലിയ കെട്ടിടം നിർമ്മിച്ചു നൽകുമ്പോൾ അതിന്റെ സംരക്ഷണം ജീവനക്കാർ ഏറ്റെടുക്കണം. പൊതുജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും സ്പീക്കർ പറഞ്ഞു.
കെപി മോഹനൻ എംഎൽഎ അധ്യക്ഷനായി. എൻഎച്ച്എം ഡിപിഎം ഡോ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
പാനൂർ നഗരസഭ ചെയർമാൻ വി നാസർ, സ്ഥിരം സമിതി അധ്യക്ഷരായ കെപി ഹാഷിം, ടികെ ഹനീഫ, ഉമൈസ തിരുവമ്പാടി, അഷിഖ ജുമാന, കൗൺസിലർമാരായ റുഖ്‌സാന ഇഖ്ബാൽ, എൻ.എ കരീം, അൻസാർ അണിയാരം, മുൻ കൗൺസിലർ കെ ടി കെ റിയാസ്, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. സിപി ബിനോയ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം സജീവൻ, വി സുരേന്ദ്രൻ, രവീന്ദ്രൻ കുന്നോത്ത്, രാജേഷ് കൊച്ചിയങ്ങാടി, പി പ്രഭാകരൻ, രാമചന്ദ്രൻ ജോസ്‌ന, മെഡിക്കൽ ഓഫീസർ ഡോ. റോസ്‌ന രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
കുത്തുപറമ്പ് മുൻ എംഎൽഎയും ആരോഗ്യമന്ത്രിയുമായിരുന്ന കെകെ ശൈലജ ടീച്ചറുടെ ശ്രമഫലമായാണ് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് 1.35 കോടി രൂപ അനുവദിച്ചത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷവും എൻഎച്ച് എം ഫണ്ട് 35 ലക്ഷവും ഉൾപ്പെടെ ഒന്നര കോടി ചിലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഫർണിച്ചറുകൾ, ചുറ്റുമതിൽ, ഗേറ്റ്, ബോർഡ്, ഇൻറർലോക്ക്, റോഡ് നവീകരണം, മറ്റു ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവക്ക് നഗരസഭയും ഫണ്ട് അനുവദിച്ചു.
ദിനേന നാനൂറോളം രോഗികൾ എത്തുന്ന ആശുപത്രിയിൽ സായാഹ്‌ന ഒപി ജനുവരിയോടെ പുനരാരംഭിക്കും. വാപ്‌കോസ് കമ്പനിയാണ് നിർമ്മാണം നിർവഹിച്ചത്.