നിർദ്ദേശങ്ങൾ പാലിച്ചില്ല; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്
ആനകളുടെ എഴുന്നളളിപ്പിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്. ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കേസ്. ഇന്നലെ രാത്രി നടന്ന ‘തൃക്കേട്ട പുറപ്പാട് ‘ചടങ്ങിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല. ആനകൾ തമ്മിലുളള അകലം മൂന്നു മീറ്റർ ഉണ്ടായിരുന്നില്ല. ആളുകളും ആനയുമായുളള 8 മീറ്റർ അകലം പാലിക്കപ്പെട്ടില്ലെന്നും വനംവകുപ്പ് ആരോപിക്കുന്നു. ആനകളുടെ സമീപത്ത് തീവെട്ടിയുണ്ടായിരുന്നു. ഇക്കാര്യത്തിലും അഞ്ച് മീറ്റർ അകലം പാലിച്ചില്ല. വനം വകുപ്പിൻറെ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്. നാട്ടാനകളുടെ പരിപാലന ചുമതല ഈ വിഭാഗത്തിനാണ്. എന്നാൽ രാത്രി മഴ പെയ്തതിനാലാണ് ആനകളെ ചേർത്തുനിർത്തേണ്ടി വന്നതെന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിൻ്റെ ഭാഗമാണെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞിരുന്നു.