ഇന്ദുജയുടെ മരണം: പ്രതികളായ അഭിജിത്തിനും അജാസിനും ജാമ്യമില്ല

0

പാലോട് നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ പ്രതികൾക്ക് ജാമ്യമില്ല. നെടുമങ്ങാട് എസ് സി – എസ് ടി സ്പെഷ്യൽ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ഇന്ദുജയുടെ ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരാണ് പ്രതികൾ. ഇരുവർക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം നിഷേധിച്ചത്.

കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം അഭിജിത്തിൻ്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

ഉടൻ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രണ്ടര വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുൻപായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം.

സംഭവത്തിൽ ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിലായിരുന്നു. കേസിൽ അഭിജിത്താണ് ഒന്നാം പ്രതി. അജാസ് രണ്ടാം പ്രതിയാണ്. ഇതിനിടെ ഇന്ദുജയെ സുഹൃത്ത് അജാസ് മർദിച്ചിരുന്നുവെന്ന് അഭിജിത്ത് വെളിപ്പെടുത്തി.

ഇന്ദുജയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് രണ്ട് ദിവസം മുൻപ് കാറിൽ വെച്ച് അജാസ് മർദിച്ചിരുന്നുവെന്നും അഭിജിത്ത് പറഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ദുജയ്ക്ക് അവസാനമായി വന്ന കോൾ അജാസിൻ്റേതാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ അജാസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *