വഴിതടഞ്ഞുള്ള സമ്മേളനത്തിനെതിരെ ഹൈക്കോടതി; സിപിഐഎമ്മിനെതിരെ കോടതിയലക്ഷ്യ നടപടി ഉണ്ടായേക്കും

0

തിരുവനന്തപുരം വഞ്ചിയൂരില്‍ പൊതുവഴിയില്‍ സിപിഐഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസ് മേധാവിയും വിശദീകരണം നല്‍കണം. സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.

പൊതുജനങ്ങളുടെ യാത്രാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് റോഡ് തടഞ്ഞുള്ള പരിപാടിയെന്ന് നിരീക്ഷിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. ഹൈക്കോടതിയുടെ തന്നെ മുന്‍ ഉത്തരവുകളുടെ ലംഘനമാണിത്. എന്തായിരുന്നു പരിപാടി, ആരൊക്കെ പങ്കെടുത്തുവെന്ന് ചോദിച്ച ഡിവിഷന്‍ ബെഞ്ച് പൊലീസ് സ്റ്റേഷന്റെയും കോടതിയുടെയും തൊട്ടടുത്തല്ലേ പരിപാടി നടന്നതെന്നും വിമര്‍ശിച്ചു. വിഷയത്തില്‍ കേസെടുത്തിട്ടുണ്ടോ എന്നും ഹൈക്കോടതി ആരാഞ്ഞു.

എന്താണ് സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ പൊലീസും സര്‍ക്കാരും കാണിക്കുന്ന അലംഭാവത്തെയും കോടതി വിമര്‍ശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിപ്പിച്ച സര്‍ക്കുലറുകള്‍ കോള്‍ഡ് സ്റ്റോറേജിലാണോ എന്നും കോടതി ചോദ്യം ഉയര്‍ത്തി. സംസ്ഥാന പോലീസ് മേധാവിയോടും സിറ്റി പോലീസ് കമ്മീഷണറോടും ഹൈക്കോടതി വിശദീകരണം തേടി. വ്യാഴാഴ്ച സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മതിയായ രേഖകള്‍ സഹിതം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

About The Author

Leave a Reply

Your email address will not be published. Required fields are marked *