നവീൻ ബാബുവിൻ്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ; ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു
കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ ഇരയ്ക്കൊപ്പം എന്ന് പറയുമ്പോഴും സിബിഐ അന്വേഷണ ആവശ്യത്തിൽ സിപിഐഎമ്മും സർക്കാരും എ ഡി എമ്മിന്റെ കുടുംബത്തിനൊപ്പമല്ല ഉള്ളത്. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സംസ്ഥാന സർക്കാർ നാളെ ഹൈക്കോടതിയെ അറിയിക്കും. സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പൊലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കുമെന്നും കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രതി പി പി ദിവ്യ, സാക്ഷികളായ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തൻ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവരുടെ ഫോൺ കോൾ രേഖകൾ ശേഖരിച്ച് സൂക്ഷിക്കണം. കണ്ണൂർ കളക്ടറേറ്റ് റെയിൽവേ സ്റ്റേഷൻ പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കാനും നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
മാത്രമല്ല എഡിഎമ്മിൻറേത് ആത്മഹത്യയല്ല, കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പിപി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീൻ ബാബുവിൻറെ കുടുംബം കോടതിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം ഇല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നവീൻ ബാബുവിൻറെ കുടുംബം വ്യക്തമാക്കുകയുണ്ടായി.