തലശേരി മാരുതി നെക്‌സഷോറൂമില്‍ തീ പിടുത്തം, സെയില്‍സ് എക്‌സിക്യുട്ടീവ് അറസ്റ്റില്‍
കാര്‍ ഷോറൂമിലെ സെയില്‍സ് എക്‌സിക്യുട്ടീവ് ആയ മാനന്തവാടി മക്കിയാട് തെന്നമല സ്വദേശി പന്നിയോടന്‍ സജീര്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മൂന്ന് പുതിയ കാറുകളാണ് തീപിടുതത്തില്‍ കത്തിനശിച്ചത്. ചിറക്കര പള്ളിത്താഴയിലെ മാരുതി നെക്‌സ ഷോറൂമലായിരുന്നു തീപിടുത്തം. പ്രതിയെ ഇന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കും. 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പരാതി. തലശ്ശേരി, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സുകാരാണ് തീ അണച്ചത്. തീ കൊടുത്തതാണെന്നുള്ള സൂചന നേരത്തെ ഉണ്ടായിരുന്നു.
പരിസരത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് ഇത് സംബന്ധിച്ചുള്ള സൂചനയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ഷോറൂം ജീവനക്കാരനും നേരത്തെ കല്ലിക്കണ്ടിയില്‍ താമസക്കാരനുമായ സജീര്‍ പിടിയിലായത്. എ.സി.പി. ഷഹന്‍ഷായുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തി വന്നത്. മാനേജര്‍ പ്രഭീഷിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. എസ്.ഐ. വി.വി.ദീപ്തിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കാര്‍ ഷോറൂമില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളാണ് തീ വെപ്പിന് കാരണമായതായി പറയുന്നത്. പ്രതി സജീറിനെ തീവെപ്പ് നടന്ന മാരുതിഷോറൂമില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.