ആലുവയിൽ ലോറിയുടെ ഹൈഡ്രോളിക് ജാക്കി തകർന്ന് ഡ്രൈവർ മരിച്ചു
ആലുവയിൽ ഡ്രൈവർ മരിച്ചത് ലോറിയുടെ ഹൈഡ്രോളിക് ജാക്കി തകർന്ന്. എടയാറിൽ ലോഡ് ഇറക്കുന്നതിനിടെ ടോറസ് ലോറിയുടെ ഹൈഡ്രോളിക് ജാക്കി പൊട്ടി മൂവാറ്റുപുഴ മുളവൂർ പേഴയ്ക്കപ്പിള്ളി നിരഞ്ജന വീട്ടിൽ അജു മോഹനൻ (38) മരിച്ചത്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു അപകടം. ചുമട്ട് തൊഴിലാളികളാണ് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്. യൂനിക്സ് ആൻഡ് ക്രഷറർ കമ്പനിയിൽ കരിങ്കൽ ഇറക്കിക്കൊണ്ടിരിക്കെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി തകർന്നതാണ് അപകടകാരണമായത്. ഡോർ തുറന്ന് വണ്ടിയുടെ സൈഡ് നോക്കിക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവർ തെറിച്ച് വീഴുകയായിരുന്നു. ഇരുമ്പ് പൈപ്പിൽ തലയിടിച്ചതാണ് മരണകാരണമായത്. കരിങ്കൽ ഇറക്കുന്ന ശബ്ദമായതിനാൽ കമ്പനി തൊഴിലാളികൾ അപകടം അറിഞ്ഞിരുന്നില്ല. മറ്റൊരു വാഹനം എത്തിയപ്പോഴാണ് ഒരാൾ മരിച്ചു കിടക്കുന്നതായി കണ്ടത്.